ഭുവനേശ്വർ: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലേതിന് സമാനമായ വിജയം കൊയ്ത് ഒഡിഷയില്‍ ബി.ജെ.പിയുടെ മുന്നേറ്റം.നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദളിനെ തകർത്ത ബി.ജെ.പി 79 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെ.ഡിക്ക് 49 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി നവീൻ പട്നായിക് മത്സരിച്ച രണ്ടുമണ്ഡലങ്ങളില്‍ ഒന്നായ ഹിൻജിലിയില്‍ 4536 വോട്ടുകള്‍ക്ക് വിജയിച്ചു. അതേസമയം കാന്തഗഞ്ചിയില്‍ പിന്നിലാണ്. 21 ലോക്സഭാ സീറ്റുകളില്‍ ബി.ജെ.ഡിയെ കേവലം ഒന്നിലൊതുക്കി 19 സീറ്റ് പിടിച്ചാണ് ബി.ജെ.പി മുന്നേറ്റം. കോണ്‍ഗ്രസ് ഒരു സീറ്റു നിലനിറുത്തി. 2019-ല്‍ ബി.ജെ.ഡിക്ക് 12ഉം ബി.ജെ.പിക്ക് 11ഉം സീറ്റുണ്ടായിരുന്നു. 2014-ല്‍ ബി.ജെ.ഡി 20ലും ജയിച്ചിരുന്നു.
നാലു പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ആധിപത്യം അവസാനിപ്പിച്ച് 2000 മാർച്ചിലാണ് നവീൻ ആദ്യം ഒഡീഷ മുഖ്യമന്ത്രിയായത്. പിന്നീട് 24 വർഷം മുഖ്യമന്ത്രി. ഒരു സംസ്ഥാനം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ നേതാവാണ്. ഒഡീഷയില്‍ വളരാൻ സഹായിച്ച ബി.ജെ.പിയെ കേന്ദ്രത്തില്‍ നിർണായക സമയങ്ങളില്‍ ബി.ജെ.ഡി പിന്തുണച്ചിരുന്നു. എന്നാല്‍ ഇക്കുറി സീറ്റു തർക്കത്തില്‍ ബന്ധം പൊളിഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരവും വികസനപ്രശ്നങ്ങളും നവീൻപട്നായിക്കിന്റെ ആരോഗ്യനിലയും ബി.ജെ.പിയും കോണ്‍ഗ്രസും പ്രചാരണായുധമാക്കി. നവീന്റെ സഹായി വി.കെ. പാണ്ഡ്യന്റെ സർക്കാരിലെ ഇടപെടലുകളും ചർച്ചയായി. പാണ്ഡ്യനെ പിൻഗാമിയാക്കുമെന്നു വരെ പ്രചാരണമുണ്ടായി. ഇത് പാർട്ടിക്കുള്ളില്‍ അലോസരമുണ്ടാക്കി.