തിരുവനന്തപുരം: ഒമിക്രോൺ മൂലമുള്ള സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇതുവരെ 107 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 52 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 41 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. എല്ലാവരും കൂടുതൽ ശ്രദ്ധിക്കണം. സ്ഥിതിഗതികൾ വിലയിരുത്തിയായിരിക്കും കൂടുതൽ നിയന്ത്രണം വേണമോയെന്ന് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വയം നിരീക്ഷണം കൃത്യമായി പാലിക്കണം. പൊതുസ്ഥലങ്ങൾ സന്ദർശിക്കാനോ പൊതു ചടങ്ങുകളിൽ പങ്കെടുക്കാനോ പാടില്ല. സാമൂഹിക ഇടപെടൽ ഒഴിവാക്കണം. രോഗവ്യാപനം അറിയാൻ കൂടുതൽ സാമ്ബിളുകൾ ജനിതക പരിശോധനയ്ക്ക് അയച്ചു വരുന്നു. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള ജനിതക പരിശോധന രണ്ട് ശതമാനത്തിൽ നിന്നും 20 ശതമാനത്തിലേക്ക് വർധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിൽ ഒമിക്രോൺ ഉണ്ടോയെന്ന് കണ്ടെത്താൻ സെന്റിനൽ സർവയലൻസ് നടത്തി വരുന്നു. അങ്ങനെ രണ്ട് ഒമിക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവരുടെ സമ്ബർക്ക പട്ടികയിലുള്ളവർ കൊവിഡ് നെഗറ്റിവായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് വാക്സിൻ വിതരണം തുടങ്ങുന്ന സാഹചര്യത്തിൽ 18ന് മുകളിൽ പ്രായമുള്ളവൾക്കായി ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക വാക്സിൻ യജ്ഞം നടത്തും. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും വാക്സിനെടുക്കാൻ സമയം കഴിഞ്ഞവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. തിങ്കൾ മുതൽ വാക്സിനേഷന് കുട്ടികൾക്കായിരിക്കും മുൻഗണന. ഒമിക്രോൺ പ്രതിരോധത്തിൽ വാക്സിനുള്ള പങ്ക് വലുതായതിനാൽ എല്ലാവരും എത്രയും വേഗം വാക്സിനെടുക്കേണ്ടതാണ്. 15 മുതൽ 18 വരെ പ്രായത്തിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ പ്രത്യേക വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ കൂടിയായിരിക്കും.
അതേസമയം ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്ട്രേഷൻ സ്‌കൂളുകൾ വഴി പൂർത്തിയാക്കും. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ പിന്തുണയുണ്ട്. കുട്ടികൾക്ക് കൊവാക്സിൻ വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം ഡോസ് കൊവാക്സിൻ ശനിയാഴ്ച സംസ്ഥാനത്തെത്തും. തിങ്കളാഴ്ച മുതലാണ് കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കുക. നിലവിലുള്ള വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ തന്നെ കുട്ടികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയാകും വിതരണം. സംസ്ഥാനത്ത് 98 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിനും 79 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.