കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചു സംസാരിച്ചതിന്റെ പേരിൽ ജോലി നഷ്ടമായ താല്കാലിക ജീവനക്കാരി സതിയമ്മയ്ക്ക് ജോലി വാഗ്ദാനവുമായി കോൺഗ്രസ് നേതാവ്. പള്ളിക്കത്തോട്ടിലെ കോൺഗ്രസ് നേതാവ് ജിജി അഞ്ചാനിയാണ് സതിയമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചാനി മാളിൽ സ്ഥിരം ജോലി നൽകുമെന്നാണ് കോൺഗ്രസ് നേതാവ് ജിജി അഞ്ചാനിയുടെ വാഗ്ദാനം. നിലവിൽ ലഭിച്ചുകൊണ്ടിരുന്ന ശമ്പളവും, ഇത് കൂടാതെ യാത്രാക്കൂലിയും നൽകുമെന്നാണ് ജിജി അഞ്ചാനിയുടെ വാഗ്ദാനം.
കഴിഞ്ഞ ദിവസമാണ് ചാനലിനു മുന്നിൽ മുൻ മുഖ്യമന്ത്രിയെപ്പറ്റി നല്ലത് പറഞ്ഞതിന്റെ പേരിൽ വെറ്റിനറി ആശുപത്രിയിലെ താല്ക്കാലിക ജീവനക്കാരി പി.കെ സതിയമ്മയെ ജോലിയിൽ നിന്നും പുറത്താക്കിയത്. ഇതു സംബന്ധിച്ചു കോൺഗ്രസ് ആരോപണം ഉയർത്തുകയും, മൃഗാശുപത്രിയ്ക്കു മുന്നിൽ സമരം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി മന്ത്രി അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് സതിയമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ജിജി അഞ്ചാനി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജിജി അഞ്ചാനി ഇതു സംബന്ധിച്ചു വ്യക്തമാക്കിയിരിക്കുന്നത്.