ജയറാമിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അബ്രഹാം ഓസ്‍ലര്‍. പുതുകാലത്തിന്‍റ അഭിരുചികള്‍ക്കനുസരിച്ച് ഒരു വിജയം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ജയറാമിന് അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു ഇത്. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനം, ഒപ്പം മമ്മൂട്ടിയുടെ അതിഥിവേഷവും ചിത്രത്തിന് ഗുണകരമായി വരുമെന്നായിരുന്നു റിലീസിന് മുന്‍പുള്ള പ്രതീക്ഷ. വന്‍ അഭിപ്രായം നേടാനായില്ലെങ്കിലും ഭേദപ്പെട്ട ചിത്രമെന്ന മൗത്ത് പബ്ലിസിറ്റി നേടാന്‍ ചിത്രത്തിനായി. അത് കളക്ഷനില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ജനുവരി 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. രണ്ടാം വാരാന്ത്യത്തില്‍ മാത്രം ചിത്രം നേടിയിരിക്കുന്നത് 3.10 കോടിയാണ്. ഇതോടെ 11 ദിവസത്തെ കേരള ഗ്രോസ് 18.36 കോടി വരും. ഒരു ജയറാം ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. 2024 ലെ ആദ്യ ഹിറ്റ് ആയും ജയറാമിന്‍റെ തിരിച്ചുവരവായുമൊക്കെ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ ഓസ്‍ലര്‍ കളക്ഷനെ വിലയിരുത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തിജീവിതത്തില്‍ ചില കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള പൊലീസ് ഓഫീസറാണ് ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രം. വിഷാദരോഗിയാണ് അദ്ദേഹം. ഇയാള്‍ക്ക് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നിടത്താണ് അബ്രഹാം ഓസ്‍ലര്‍ കഥ പറഞ്ഞുതുടങ്ങുന്നത്. മമ്മൂട്ടിയുടെ അതിഥിവേഷത്തിനും തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ജയറാമും മമ്മൂട്ടിയും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. അണിയറക്കാര്‍ പറയാതെ കാത്തുവച്ച സര്‍പ്രൈസും മമ്മൂട്ടിയുടെ ഈ ഗസ്റ്റ് റോള്‍ ആയിരുന്നു. ഈ വാരവും തിയറ്ററുകളില്‍ ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.