ഇസ്ലാമാബാദ് : സാമ്പത്തിക തകർച്ചയിൽ നട്ടം തിരിയുന്ന പാകിസ്ഥാനിൽ നിന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പെൺകുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ മറവിലാണ് കടത്ത്. പാകിസ്ഥാനിൽ നിരവധി പദ്ധതികൾ ചൈന നടത്തുന്നുണ്ട്. വിവിധ പ്രോജക്ടുകളുടെ പൂർത്തീകരണത്തിനായി ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥരാണ് പാകിസ്ഥാനിൽ തങ്ങുന്നത്. ഇവർ പാകിസ്ഥാനിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം വിവാഹത്തിന്റെ മറവിൽ ചൈനയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിവാഹത്തിന്റെ പേരിലാണ് ചൈന പാകിസ്ഥാനിൽ നിന്നും മനുഷ്യക്കടത്ത് നടത്തുന്നത്. ചൈനീസ് പൗരൻമാരുടെ ഈ പ്രവൃത്തിക്കെതിരെ ചെറുവിരൽ പോലും പാക് ഭരണാധികാരികൾ ഉയർത്തുന്നില്ല. വിവാഹത്തിന് പുറമേ വ്യാജ ബിസിനസ് രേഖകൾ ചമച്ചാണ് ചൈനക്കാർ പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. പെൺകുട്ടികളെ കൊണ്ടുപോകുന്നതിന് പകരമായി 5000 ഡോളർ വരെയാണ് പ്രതിഫലമായി നൽകുന്നത്.