കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ വീതം വയ്ക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകളിൽ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ. പാലാ നഗരസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ ആകുമ്പോൾ മാത്രമേ രണ്ടു വർഷമാകു, അപ്പോൾ വിഷയം ചർച്ച ചെയ്യുമെന്നു സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലയിൽ പല സമിതികളിലും ഇടതു മുന്നണിയുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായിട്ടുണ്ട്. ഡിസംബർ മാസത്തിൽ മാത്രമേ ഇത് സംബന്ധിച്ചു ചർച്ചകൾ ഉണ്ടാകൂ. ജില്ലാ പഞ്ചായത്ത് മുതൽ നഗരസഭ വരെ തീരുമാനം എടുക്കാനുണ്ട്. എവിടെയും അസ്വാരസ്യങ്ങളോ അഭിപ്രായ വ്യത്യാസമോ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മറ്റുള്ള വിഷയങ്ങൾ എല്ലാം എൽഡിഎഫ് ചർച്ച ചെയ്യട്ടെ. ഇടതു മുന്നണി വിഷയം ചർച്ച ചെയ്തിട്ടില്ല. ഇന്നലെയും ഇടതു മുന്നണി ജില്ലാ കമ്മിറ്റി യോഗം ചേർന്നതാണ്. സാധാരണ ഗതിയിൽ ചർച്ച ഉണ്ടാകേണ്ട കാര്യമില്ല. എല്ലാ മണ്ഡലം കമ്മിറ്റികളിലും എൽഡിഎഫിന്റെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാലാ നഗരസഭയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ വിഷയങ്ങൾ ഉണ്ടായപ്പോൾ എല്ലാം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.