പൂച്ചാക്കല്‍: പാതിരാത്രി വീടുകയറി ആക്രമിച്ച് വീടിന് കേടുപാടുകള്‍ വരുത്തിയെന്ന് ആരോപിച്ച് വീട്ടമ്മ ചേർത്തല പൊലീസില്‍ പരാതി നല്കി. പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് പടിഞ്ഞാറെ കുട്ടൻചാല്‍, ലക്ഷ്മിത്തറയില്‍ ബിന്ദുവിന്റെ വീടാണ് അക്രമികള്‍ തകർത്തത്. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. ഒരു മാസം മുമ്പ് ബിന്ദുവിന്റെ മക്കളും കുട്ടൻ ചാലില്‍ തന്നെയുള്ള സജ്ഞപ്പനും ഷൈജുവുമായി വഴക്കുണ്ടായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ഇവർ, രാത്രി ബിന്ദുവിന്റെ വീട്ടിലെത്തി വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടാക്കിയിരുന്നു. ഭയന്ന് വീട്ടില്‍ക്കയറി വാതിലടച്ചിരിക്കുകയായിരുന്ന ബിന്ദുവും മക്കളേയും പുലർച്ചെ രണ്ടു മണിയോടെ സഞ്ജപ്പനും ഷൈജുവും മറ്റൊരാളുമായി എത്തി വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു നശിപ്പിക്കുകയും വാതില്‍ ചവിട്ടിതുറന്ന് അകത്ത് കയറാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.