പാമ്പാടി: പാമ്പാടി കോത്തലയിൽ സഹോദരിമാരായ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ദുരൂഹത. പ്രദേശവാസികളായ രണ്ട് യുവാക്കളെ കാണാതായത് ഇതുമായി ബന്ധമുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കൊശമറ്റം ഭാഗത്തെ ബസ് ജീവനക്കാരനെയും , മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിയെയും കാണാതായിട്ടുണ്ട്. ഈ രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
പാമ്പാടി കോത്തല സ്വദേശിനികളായ സഹോദരിമാരെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. ഇരുവരുടെയും മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടികളെ കാണാതായി എന്നാണ് ലഭിക്കുന്ന സൂചന. ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ മാതാപിതാക്കൾ നടത്തിയ തെരച്ചിലിലാണ് കുട്ടികൾ വീട്ടിൽ ഇല്ലെന്ന് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ബന്ധുക്കൾ പാമ്പാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളെ കൂടി കാണാനില്ലെന്ന് കണ്ടെത്തി. പെൺകുട്ടികളുടെ തിരോധാനത്തിനു പിന്നിൽ യുവാക്കൾക്ക് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേ തുടർന്ന് ഈ യുവാക്കളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെയും വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കണ്ടതായി സൂചന ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച സ്കൂൾ അവധി ആയതിനാൽ പെൺകുട്ടികൾ പകൽസമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. വൈകിട്ട് മാതാപിതാക്കൾ എത്തിയപ്പോഴാണ് ഇവർ വീട്ടിൽ ഇല്ലെന്ന വിവരമറിഞ്ഞത്. അതുകൊണ്ടുതന്നെ പെൺകുട്ടികളെ കാണാതായ സമയം സംബന്ധിച്ച് കൃത്യമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. ഇവർ ജില്ലയ്ക്ക് പുറത്തേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും റെയിൽവേ പൊലീസിനും പെൺകുട്ടികളുടെ ചിത്രം അടങ്ങിയ സന്ദേശം പാമ്പാടി പൊലീസ് അയച്ചു നൽകിയിട്ടുണ്ട്.