പള്ളിക്കത്തോട് : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ പഞ്ചായത്ത് ഹാളിൽ മെഡിക്കൽ അസസ്സ്മെന്റ് ക്യാമ്പ് നടത്തുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട് ഒഴികെയുള്ള 7 ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കും സൗജന്യമായി ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി തോമസ് ചാഴിക്കാടൻ എം.പിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുണ്ട് എന്ന സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരും ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരും, എ.പി.എൽ. ആണെങ്കിൽ പ്രതിമാസ വരുമാനം 15000/രൂപയിൽ താഴെയാണെന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവരുമായ ആളുകൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. കിടങ്ങൂർ ,മണർകാട്, എലിക്കുളം,മീനടം ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവർ രാവിലെ 9 മണിക്കും.പാമ്പാടി കൂരോപ്പട അകലക്കുന്നം എന്നിവിടങ്ങളിൽ നിന്നുള്ളവർ 11 മണിക്കും ബ്ലോക്ക് പഞ്ചായത്തിൽ എത്തണം. എത്തുന്നവർ ഒരു പാസ്സ് പോർട്ട് സൈസ് ഫോട്ടോ, ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് , ആധാർ കാർഡ്. വരുമാന സർട്ടിഫിക്കറ്റ് എന്നിവ നർബന്ധമായും കൊണ്ടുവരണം. ക്യാമ്പിൽ പരിശോധന നടത്തി അർഹരായവർക്ക് ആവശ്യമായ ഉപകരണങ്ങൾ പിന്നീട് നൽകും. ചലനശേഷി കുറഞ്ഞവർ, കാഴ്ച-കേൾവി ശക്തി കുറഞ്ഞവർ തുടങ്ങിയവർക്ക് പരിശോധനാ ക്യാമ്പിൽ പങ്കെടുക്കാം. ജില്ലാമെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. തോമസ് ചാഴികാടൻ ജില്ലാ കളക്ടർ പി.കെ.ജയശ്രീ ഐ.എ.എസ്., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ക്യാമ്പിൽ സന്നിഹിതരായിരിക്കുമെന്ന് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം,ബി.ഡി.ഒ. എം.എസ്. വിജയൻ എന്നിവർ അറിയിച്ചു.