പാമ്പാടി : സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തണം എന്ന ആവശ്യവുമായി അംഗനവാടി അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി രാത്രി നടത്തം സംഘടിപ്പിച്ചു. പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രതിഷേധത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ആലാമ്പള്ളി കവലയിൽ നിന്നും പാമ്പാടിയിലേയ്ക്ക് കത്തിച്ച മെഴുകുതിരി കയ്യിലേന്തിയാണ് അദ്ധ്യാപികമാർ രാത്രി നടത്തം സംഘടിപ്പിച്ചത്. പാമ്പാടിയിൽ ചേർന്ന യോഗത്തിൽ ഐസിഡിസി സൂപ്പർ വൈസർ മഞ്ജു അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാബു എം ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷിബു കുഴിയടത്തറ അദ്ധ്യാപിക ബിന്ദു എന്നിവർ സംസാരിച്ചു.