മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ (74) അന്തരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമാണ്. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന് ജനനം. ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിവരിലൂടെ ആത്മീയ മേല്‍വിലാസമുള്ള പാണക്കാട് തങ്ങള്‍ കുടുംബ പരമ്പരയിലെ കണ്ണികളിലൊന്ന്. ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാല്‍ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടുകാര്‍ക്ക് അദ്ദേഹം ആറ്റപ്പൂ ആയിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇന്നും തങ്ങള്‍ ‘ആറ്റക്ക’യാണ്. പാണക്കാട് ദേവധാര്‍ എല്‍.പി സ്കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം.എം ഹൈസ്കൂളില്‍ 1959ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന് കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.
2009ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്. 1990 മുതല്‍ മുസ്ലിംലീഗ് ജില്ല പ്രസിഡന്റായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷനായതോടെയാണ് ജില്ല ലീഗ് നേതൃത്വത്തില്‍ ഹൈദരലി തങ്ങള്‍ അവരോധിതനായത്.
19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റായിരുന്നു. മുസ്ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട്, തൃശൂര്‍ ജില്ല ഖാദി സ്ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്. 1994ല്‍ നെടിയിരുപ്പ് പോത്ത്വെട്ടിപ്പാറ മഹല്ല് ഖാദിയായാണ് തുടക്കം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി ഹൈദരലി തങ്ങള്‍ക്കാണ്.