ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നൽകാൻ പന്തളം വലിയ തമ്പുരാൻ മകയിരം നാൾ രാഘവ വർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തൃക്കേട്ട നാൾ രാജ രാജ വർമയെ നിശ്ചയിച്ചു. ശ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻ്റ് പി ജി ശശികുമാര വർമ്മയാണ് അറിയിച്ചത്.
പന്തളം കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയാണ് പേരു ശുപാർശ ചെയ്തത്. വലിയ തമ്പുരാന്റെ അനുമതിയോടെ തിരഞ്ഞെടുക്കപ്പെട്ടു.
പന്തളം ഊട്ടുപുര കൊട്ടാരത്തിൽ മാലതി തമ്പുരാട്ടിയുടെയും പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്തെ രാമൻ നമ്പൂതിരിയുടെയും മൂത്തപുത്രനാണ് നിയുക്ത രാജപ്രതിനിധി.
കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടിയ ശേഷം പ്രീമിയർ കേബിൾസ്, പാറ്റ്സ്വിൻ എന്നീ കമ്പനികളിൽ ജോലി ചെയ്ത ശേഷം എറണാകുളം ലക്ഷമി ഹോസ്പിറ്റലിലെ ഫൈനാൻസ് മാനേജരായി വിരമിച്ചു. തികഞ്ഞ കലാസ്വാദകനായ അദ്ദേഹം ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ രചിച്ചിട്ടുണ്ട്. ദൂരദർശനിൽ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
എറണാകുളം വാര്യം റോഡിൽ മംഗള ലെയിൻ കമാസിൽ ആണ് താമസം. വൈക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമവർമ്മ ഭാര്യയും രമ്യ ആർ വർമ്മ, സുജിത്ത് വർമ്മ എന്നിവർ മക്കളും അഭിലാഷ് ജി വർമ്മ മരുമകനുമാണ്. പന്തളം കൊട്ടാരം നിർവാഹക സംഘം ജോയിൻ്റ് സെക്രട്ടറി സുരേഷ് വർമ്മ സഹോദരനും, സുലോചന തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സരള തമ്പുരാട്ടി, സുമ തമ്പുരാട്ടി എന്നിവ സഹോദരിമാരാണ്.
അയ്യപ്പസ്വാമിക്ക് മകരസംക്രമ ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ജനുവരി 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. വാർത്താ സമ്മേളനത്തിൽ കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി എൻ നാരായണവർമ്മ, ട്രഷറർ ദീപാവർമ്മ, ജോ. സെക്രട്ടറി സുരേഷ് വർമ്മ എന്നിവർ പങ്കെടുത്തു.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമ രാജപ്രതിനിധി
Advertisements