പന്നഗം തോട് വീണ്ടും കരകവിഞ്ഞു; കർഷകർ ദുരിതത്തിൽ

പാലാ
പന്നഗം തോട് വീണ്ടും കരകവിഞ്ഞ് തീരങ്ങളിലെ വിവിധ പ്രദേശങ്ങളില്‍
വെള്ളം കയറിയതോടെ വ്യാപക കൃഷിനാശത്തില്‍ വലഞ്ഞ് കര്‍ഷകരും
നാട്ടുകാരും. കിടങ്ങൂര്‍, അയര്‍ക്കുന്നം, അകലക്കുന്നം
പഞ്ചായത്ത് പ്രദേശങ്ങളിലെ നൂറുകണക്കിന് കര്‍ഷകരാണ് ഒരുമാസത്തിനിടെ
പലതവണ തോട്
കരകവിഞ്ഞതോടെ ദുരിതത്തിലായത്. കനത്ത മഴയെത്തുടര്‍ന്ന് ബുധൻ
പുലര്‍ച്ചെ തോട് കരകവിഞ്ഞ് കല്ലിട്ടുനട-പാദുവ റോഡില്‍ കണ്ണാമ്പടം ഭാഗത്ത്
വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കല്ലിട്ടുനട തോട്ടത്തില്‍ചിറ പാലത്തില്‍
വെള്ളം കയറി ഇവിടെയും  വാഹന ഗതാഗതം തടസപ്പെട്ടു. പാദുവ മുടപ്പാല
പാലത്തിന് സമീപവും വെള്ളം കയറി. തോട് കരകവിഞ്ഞതോടെ തീരവാസികളായ നിരവധി കര്‍ഷകരും ദുരിതത്തിലായി. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പന്നഗം തോട്
കരകവിഞ്ഞ് തീരങ്ങളിലും സമീപപ്രദേശങ്ങളിലും വെള്ളം
കയറുന്നത്. ബുധനാഴ്ചത്തെ വെള്ളപ്പൊക്കത്തില്‍ കല്ലിട്ടുനട തോട്ടത്തില്‍
ശ്രീജിത്തിന്റെ കണ്ടല്‍ കൃഷി വെള്ളം കയറി നശിച്ചു. പാവല്‍, മരച്ചീനി
എന്നിവയും വെളളം കയറി നശിച്ചു. എടാട്ടുതറ ബേബിയുടെ പാവല്‍, മരച്ചീനി
കൃഷികളും മാളിയേക്കല്‍ എം ടി ജോസഫിന്റെ വാഴ, മരച്ചീനി കൃഷികളും
കൊങ്ങാണ്ടൂര്‍ കാവുളാട്ട് അനിയുടെ മരച്ചീനികൃഷിയും വെള്ളം കയറി
നശിച്ചു. കല്ലിട്ടുനട മഠത്തില്‍ തോമസ്, രാജു മുണ്ടകത്തറ എന്നീ കര്‍ഷകരുടെ
മത്സ്യകുളങ്ങളില്‍ വെള്ളം കയറി നഷ്ടമുണ്ടായി. പാദുവ പെരുമ്പുഴ പാടശേഖരം,
മറ്റക്കര പാടശേഖരം എന്നിവിടങ്ങളിലും പന്നഗം തോട്ടില്‍ നിന്നും
അപ്രതീക്ഷിതമായി വെള്ളം കയറി. മറ്റക്കര പാടശേഖരത്തില്‍
നെല്‍കൃഷിതുടങ്ങുന്നതിന് ഉഴവ് ഉള്‍പ്പടെയുള്ള ഒരുക്കങ്ങള്‍
നടന്നുവരവെയാണ് വെള്ളം കയറിയത്. ഒക്ടോബര്‍ 16 നായിരുന്നു ഇതിന്
മുന്‍പ് പന്നഗം തോടിന്റെ തീരങ്ങളില്‍ വെള്ളം കയറിയത്. പന്നഗം തോട്ടിലെ
അശാസ്ത്രീയമായ തടയണ നിര്‍മ്മാണമാണ് വളരെവേഗം തോട് നിറഞ്ഞ് കരകവിയാന്‍
കാരണമെന്ന് ആക്ഷേപമുണ്ട്. ഇത് പരിഹരിക്കൻ
നടപടിയുണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles