പാനൂർ ബോംബ് സ്ഫോടനം ;ഏഴു സ്‌റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെടുത്തു

പാനൂര്‍: മുളിയതോടില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിനെ ഏഴു സ്‌റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെടുത്തു.അറസ്‌റ്റിലായ പ്രതി ഷിബിന്‍ലാലിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ്‌ ബോംബുകള്‍ പോലീസ്‌ കണ്ടെടുത്തത്‌. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പാനൂരില്‍ പൊട്ടിത്തെറിച്ചതു സ്‌റ്റീല്‍ ബോംബാണെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്‌. തുരുമ്ബിച്ച ആണി, കുപ്പിച്ചില്ല്‌, മെറ്റല്‍ ചീളുകള്‍ എന്നിവയാണ്‌ ബോംബ്‌ നിര്‍മാണത്തിന്‌ ഉപയോഗിച്ചത്‌. പത്തു പേരാണ്‌ ബോംബ്‌ നിര്‍മാണസംഘത്തില്‍ ഉണ്ടായിരുന്നത്‌. മൂന്നു പേര്‍ അറസ്‌റ്റിലായി. കസ്‌റ്റഡിയിലുണ്ടായിരുന്ന ഷിബിന്‍ ലാല്‍, അരുണ്‍, അതുല്‍ എന്നിവരുടെ അറസ്‌റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. ഇവര്‍ സ്‌ഫോടനം നടക്കുമ്പോള്‍ സ്‌ഥലത്തുണ്ടായിരുന്നു. അതിനിടെ, സംസ്‌ഥാനത്തു മുമ്പ് ബോംബ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കാനും ബോംബ്‌ നിര്‍മിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കു ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാര്‍ നിര്‍ദേശം നല്‍കി. സ്‌ഫോടനവുമായി ബന്ധപ്പെട്ടു കൈവേലിക്കല്‍ സ്വദേശി സായൂജ്‌ പോലീസിന്റെ കസ്‌റ്റഡിയിലുണ്ട്‌. സ്‌ഫോടനശേഷം ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട്ടുനിന്ന്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സായൂജിനെ ഉടന്‍ അറസ്‌റ്റ് ചെയ്യും.

Advertisements

Hot Topics

Related Articles