കോട്ടയം : ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകം, കവർച്ച, കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അയ്മനം ജയന്തി ജംഗ്ഷനിൽ മാങ്കീഴേപ്പടി വീട്ടിൽ സഞ്ജയൻ മകൻ വിനീത് സഞ്ജയൻ (35) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, ചിങ്ങവനം, ചങ്ങനാശ്ശേരി, പാലാ, വൈക്കം, തിരുവല്ല എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം,മോഷണം, വധശ്രമം, അടിപിടി, കഞ്ചാവ് വില്പന, സംഘം ചേർന്ന് ആക്രമിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, പിടിച്ചുപറിക്കുക, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇയാൾ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കിയത്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.