പത്തനംതിട്ട: ചുങ്കപ്പാറയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ വഴിയില്‍ തടഞ്ഞ് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ ചില വിദ്യാര്‍ഥികളെയാണ് ഇന്നലെ അപരിചിതര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബാഡ്ജുകള്‍ ധരിപ്പിച്ചത്. ‘ഐ ആം ബാബറി’ എന്നു രേഖപ്പെടുത്തിയ ബാഡ്ജുമായി കുട്ടികള്‍ സ്കൂളില്‍ എത്തിയപ്പോഴാണ് അധികൃതര്‍ വിവരം അറിയുന്നത്.
ബാഡ്ജ് നീക്കംചെയ്ത ശേഷമാണ് വിദ്യാര്‍ഥികളെ ക്ലാസില്‍ പ്രവേശിപ്പിച്ചതെന്നും വിഷയം ജില്ലാ വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചെന്നും പിടിഎ പൊലീസില്‍ പരാതി നല്‍കിയെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പെരുമ്പെട്ടി എസ്എച്ച്ഒ ജോബിന് ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. മതവിശ്വാസത്തെ മുറിവേല്പിക്കുന്ന നീക്കമാണിതെന്നു ജനറല്‍ സെക്രട്ടറി ആര്.വി.ബാബു ആരോപിച്ചു.സ്കൂള്‍ വിദ്യാര്‍ഥികളുടെ മേല്‍ ബാബറി സ്റ്റിക്കര്‍ പതിച്ചെന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്.രാജശേഖരനും ആവശ്യപ്പെട്ടു.