കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം; പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം

പത്തനംതിട്ട ടൗണ്‍, ആറന്മുള ഇടശേരിമല എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് വാട്ടര്‍ അതോറിറ്റി പരിഹാരം കാണണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സുബല പാര്‍ക്കിന്റെ അടുത്ത ഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കണം. കോഴഞ്ചേരി പാലത്തിന്റെ സമീപന പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് വേഗം പൂര്‍ത്തിയാക്കണം. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ പരിശോധന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജനുവരി 31ന് അകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
അടൂര്‍ നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അങ്ങാടിക്കല്‍, കൊടുമണ്‍, കടമ്പനാട്, ഏഴംകുളം, ആനന്ദപ്പള്ളി, പള്ളിക്കല്‍, മുണ്ടപ്പള്ളി, ഏറത്ത് എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. റോഡിലെ പൈപ്പുകള്‍ മാറ്റിയിടുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുണ്ടാകുന്ന കാലതാമസം സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. പന്തളം വലിയ തോട്, അടൂര്‍ വലിയ തോട് എന്നിവയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തണം.
ആനയടി – കൂടല്‍ റോഡിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കി ടാറിംഗ് നടത്തണം.
കെപി റോഡിലെ കുഴികള്‍ അടയ്ക്കണം. മണ്ണടി ആല്‍ ജംഗ്ഷനിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണം. അടൂര്‍ ഇരട്ടപ്പാലവും അനുബന്ധപ്രവൃത്തികളും എത്രയും വേഗം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യണം. പന്തളം ബൈപ്പാസിനും അടൂര്‍-തുമ്പമണ്‍ റോഡ് വികസനത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
തിരുവല്ല നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാണെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണമെന്ന് അഡ്വ. മാത്യു റ്റി. തോമസ് എംഎല്‍എ പറഞ്ഞു. തോട്ടഭാഗം- ചങ്ങനാശേരി റോഡില്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും നിരാക്ഷേപ പത്രം ലഭിച്ച ഭാഗം ബിസി ടാറിംഗ് ചെയ്യുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ അനുമതി നല്‍കണം. ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണം. പൊടിയാടി- അമ്പലപ്പുഴ റോഡില്‍ നെടുമ്പ്രത്ത് കലുങ്കും തോടുകളും അടഞ്ഞതു മൂലം വെള്ളക്കെട്ട് ഉണ്ടാകുന്നതിന് പരിഹാരം കാണണമെന്നും എംഎല്‍എ പറഞ്ഞു.
റാന്നിയില്‍ പ്രളയത്തിന് ഇരയായ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ കുടിവെള്ള വിതരണം ആരംഭിക്കണം. വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കണം. പ്രകൃതി ക്ഷോഭത്തിന് ഇരയായ റാന്നി കുരുമ്പന്‍മൂഴിയിലെ പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിക്കണം. കുരുമ്പന്‍മൂഴിയില്‍ പുതിയ പാലത്തിന് ശ്രമം നടത്തി വരുകയാണ്. കോണ്‍ക്രീറ്റ് നടപ്പാലം ഒലിച്ചു പോയത് പുനര്‍നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കണം. റാന്നി താലൂക്ക് ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കുന്നത് വേഗമാക്കണം. ശബരിമല തീര്‍ഥാടനം മികച്ച നിലയില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തിച്ച ജില്ലാ കളക്ടറെയും വകുപ്പുകളെയും അഭിനന്ദിക്കുന്നു. അത്തിക്കയം- കടുമീന്‍ചിറ റോഡ് നിര്‍മാണം റീബില്‍ഡ് കേരള പദ്ധതിയില്‍ ആരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു.
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളും റവന്യു വകുപ്പും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് നടപടിയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മഞ്ഞനിക്കര-ഇലവുംതിട്ട റോഡില്‍ ഓമല്ലൂരില്‍ വലിയ തോട്ടില്‍ കലുങ്ക് എത്രയും വേഗം നിര്‍മിക്കണം. പമ്പാ നദിയിലെ പുറ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി ഇറിഗേഷന്‍ വകുപ്പ് വേഗം നടത്തണം. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കി വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അടൂര്‍, മല്ലപ്പള്ളി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും സര്‍വീസ് മുടങ്ങുന്നതിന് പരിഹാരം കാണണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. വാലാങ്കര-അയിരൂര്‍ റോഡ് വീതി ഉറപ്പാക്കി വികസിപ്പിക്കണം. റോഡ് വികസനത്തിന് സ്ഥലം നല്‍കാന്‍ നാട്ടുകാര്‍ തയാറാണ്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത യോഗം വിളിക്കണം. ശബരിമല തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തീകരിക്കുന്നതിന് പ്രവര്‍ത്തിച്ച ജില്ലാ ഭരണകേന്ദ്രത്തെയും ജില്ലാ കളക്ടറെയും അഭിനന്ദിക്കുന്നു. കോവിഡ് രോഗനിര്‍ണയവുമായി ബന്ധപ്പെട്ട് സ്രവശേഖരണം, ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയ സൗകര്യങ്ങള്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ക്കു പുറമേ പിഎച്ച്എസ്‌സികളില്‍ കൂടി ഏര്‍പ്പെടുത്തണം. ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് പത്തനംതിട്ടയിലേക്ക് ലഹരി മരുന്നുകള്‍ കൊണ്ടുവരുന്നത് തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപടിയെടുക്കണം. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലേ കെ റെയില്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കാവു. ഇതിനായി പഠനം നടത്തണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, എഡിഎം അലക്‌സ് പി. തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles