പത്തനംതിട്ട ജനറല്‍ ആശുപത്രിയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ്, സാംക്രമിക രോഗ അടിയന്തര പരിശോധനാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് സാഹചര്യത്തില ഓക്‌സിജന്‍ ലഭ്യത അനിവാര്യമായിരുന്ന സമയത്താണ് സംസ്ഥാനത്തെ എട്ട് ആശുപത്രികളെ ഓക്‌സിജന്‍ പ്ലാന്‍് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. സി.പി.സി.എല്‍ ചെന്നൈയുടെ സഹായത്തോടെ എട്ടില്‍ ഒരു ആശുപത്രിയാകാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് കഴിഞ്ഞു.
ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും ശക്തമായിരുന്ന സമയങ്ങളില്‍ പോലും 24 മണിക്കൂറും പ്രവര്‍ത്തനം നടത്തിയ പത്തനംതിട്ട ജനറല്‍ ആശുപത്രി കാത്ത്ലാബില്‍ കഴിഞ്ഞദിവസം വരെയുള്ള കണക്കനുസരിച്ച് 2500 പേര്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയതായും മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരസഭ ഓക്സിജന്‍ പ്ലാന്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.
ശിശുമരണ നിരക്കില്‍ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണ് കേരളം. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് വളരെ കുറവും മുതിര്‍ന്ന പൗരന്‍മാര്‍ കൂടുതലും ഉള്ളത് കേരളത്തിലാണ്. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസമേഖലയിലെ കുതിപ്പിനു പിന്നില്‍ പതിറ്റാണ്ടുകളായ കൂട്ടായ പ്രവര്‍ത്തനമാണ് കാരണമെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍, പത്തനംതിട്ട നഗരസഭ, സി.പി.സി.എല്‍ ചെന്നൈയുടെ സി.എസ്.ആര്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം നടത്തിയത്. ഒരു മിനിറ്റില്‍ 1000 ലിറ്ററും, 500 ലിറ്ററും ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് പ്ലാന്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തു തന്നെ അതിവേഗം പൂര്‍ത്തീകരിച്ച ഓക്‌സിജന്‍ പ്ലാന്റ് ആണ് ഇത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കേരള മെഡിക്കല്‍ സര്‍വീസ് കോ-ഓപ്പറേഷന്‍ എന്നിവയുടെ സാങ്കേതിക സഹായവും പ്ലാന്റിന്റെ നിര്‍മാണത്തിന് ലഭിച്ചു.