റാന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനികചികിത്സാ സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടം വേഗത്തില്‍ സാധ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്കിന്റേയും പുതുതായി പണികഴിപ്പിച്ച ഫാര്‍മസിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റാന്നി താലൂക്ക് ആശുപത്രിയുടെ വികസനക്കുതിപ്പിന് തുടക്കമിടുന്ന പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. രോഗികള്‍ക്ക് ക്യു നില്‍ക്കാതെ ടോക്കണ്‍ എടുക്കാന്‍ സാധിക്കുന്ന ഇഹെല്‍ത്ത് സംവിധാനം റാന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കും.

Advertisements

ഇതിലൂടെ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ ടോക്കണ്‍ എടുത്ത് സമയം അനുസരിച്ച് ആശുപത്രികളിലെത്താന്‍ സാധിക്കും. റാന്നി താലൂക്ക് ആശുപത്രി പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ ഏറ്റവും മര്‍മ്മ പ്രധാനമായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ റാന്നി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
ശബരിമല തീര്‍ഥാടകര്‍ക്കും ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ചികിത്സാകേന്ദ്രം കൂടിയാണ് ഇത്. ആദിവാസി സഹോദരങ്ങള്‍ ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലമാണിത്. 69 ലക്ഷം രൂപ ചിലഴിച്ച് ഉന്നതഗുണനിലവാരത്തില്‍ ലേബര്‍ റൂം സജ്ജമാക്കുമെന്നും ഗുണനിലവാരമുള്ള ചികിത്സ നല്‍കുന്നതിന് ക്വാളിറ്റി അക്രിഡിറ്റേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സര്‍ക്കാരിന്റെ നവകേരളകര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ പത്ത് കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗുണനിലവാരമുള്ള സേവനത്തിന് അടിസ്ഥാന സൗകര്യവികസനം ഒരുക്കുകയെന്നതാണ്. ആര്‍ദ്രം എന്ന പേര് പോലെ അക്ഷരാര്‍ഥത്തില്‍ ആശുപത്രി ജന സൗഹൃദവും രോഗീസൗഹൃദവുമാകണം. രോഗികള്‍ക്ക് ആശ്വാസം പകരാന്‍ സാധിക്കണം. ചികിത്സയിലെ ഉന്നതനിലവാരം ഉറപ്പാക്കാന്‍ സാധിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്. പണമില്ലാതെ ചികിത്സിക്കാന്‍ സാധിക്കാത്ത നിസഹായവസ്ഥ ആര്‍ക്കുമുണ്ടാകരുതെന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അത് മുന്നില്‍ കണ്ടാണ് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ തികച്ചും സൗജന്യമാക്കിയത്.

മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്പ്ലാന്റേഷന് വേണ്ടിയുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിന് വേണ്ടി സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനികചികിത്സാസൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടം കൂടി സാധ്യമാകുന്നതോടെ വലിയ മുന്നേറ്റം റാന്നിയുടെ ആരോഗ്യമേഖലയിലുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

സ്ഥലമേറ്റെടുക്കാന്‍ സങ്കീര്‍ണമായ പ്രയാസമുണ്ടായിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളെയെല്ലാം മറികടന്നു. സാമൂഹികആഘാതം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്ത് വന്നു കഴിഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയെ സംബന്ധിച്ചിടത്തോളം ഒപി നവീകരണം ഏറെ പ്രധാനമായിരുന്നു. ഓരോ ഡോക്ടര്‍മാരേയും കാണുന്നതിന് പ്രത്യേകം ക്യു, വിശ്രമത്തിനുള്ള സ്ഥലം, ശുചിത്വം, എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. 93 ലക്ഷം മുടക്കിയാണ് ഒപി നവീകരണം സാധ്യമാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആശുപത്രികളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

കോവിഡ്, കാന്‍സര്‍, അവയവമാറ്റങ്ങള്‍ എന്നിങ്ങനെ നാം നേരിട്ട എല്ലാ വെല്ലുവിളികളേയും മറികടക്കാന്‍ ധീരമായ ശ്രമങ്ങളുണ്ടായി. കേരളത്തിന്റെ ആരോഗ്യരംഗത്ത് വന്‍കുതിച്ചുചാട്ടമെന്ന് അടയാളപ്പെടുത്താവുന്ന കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമാക്കിയ ആരോഗ്യമന്ത്രിയെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു. സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ആശുപത്രി വൃത്തിയായി സൂക്ഷിക്കുയെന്ന ഉത്തരവാദിത്വം ഉണ്ടെന്നും അക്കാര്യം ആശുപത്രിയിലെ ജീവനക്കാര്‍ ഭംഗിയായി നിറവേറ്റണമെന്നും എംഎല്‍എ പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ് സ്റ്റീഫന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സതീഷ് കെ പണിക്കര്‍, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കോമളം അനിരുദ്ധന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നയനാ സാബു, അഡ്വ. സിബി താഴത്തില്ലത്ത്, എം.എസ്. സുജ, അന്നമ്മ തോമസ്, കെ.എം. മാത്യു, ഷിജി മോഹന്‍, ഗ്രേസി തോമസ്, കെ.എം. നബീസത്ത് ബീവി, റാന്നി ഗ്രാമപഞ്ചായത്തംഗം സന്ധ്യാ ദേവി, റാന്നി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ അനു മാത്യു ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, കെ.എസ്.എച്ച്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. സുരേഷ്‌കുമാര്‍, റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. റെയ്മോള്‍ ജേക്കബ്, എച്ച്എംസി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.