പത്തനംതിട്ട :
കര്‍ക്കടക മാസത്തെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് അയ്യപ്പനെ ധ്യാന നിദ്രയില്‍ നിന്ന് ഉണര്‍ത്തിയതിനു ശേഷം മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്നി പകരുന്നതാണ്. ഈ കര്‍മ്മം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക.
കര്‍ക്കടകം പിറക്കുന്ന നാളെയാണ് കര്‍ക്കടക മാസ പൂജകളും ആരംഭിക്കുന്നത്. വാവുബലി ദിനമായ നാളെ പുലര്‍ച്ചെ പമ്പയില്‍ പിതൃതര്‍പ്പണം ആരംഭിക്കും. പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും സ്ത്രീകളടക്കമുള്ള നിരവധി ഭക്തരാണ് ബലിതര്‍പ്പണത്തിനായി പമ്പാതീരത്ത് എത്താറുള്ളത്. വനവാസ കാലത്ത് ശ്രീരാമൻ പിതാവ് ദശരഥ മഹാരാജാവിന്റെ മരണവാര്‍ത്ത അറിയുന്നത് പമ്പയുടെ തീരത്തുവച്ചാണെന്നാണ് വിശ്വാസം.