പത്തനംതിട്ട : ക്ഷീരകര്‍ഷകര്‍ക്കായ് നടപ്പാകുന്ന വിവിധ പദ്ധതികളിലേക്ക് ക്ഷീരകര്‍ഷകരെ ആകര്‍ഷിക്കണമെന്നും ജില്ലയില്‍ ക്ഷീരോത്പാദനം വര്‍ധിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരോദ്പാദന സംഘങ്ങള്‍ക്ക് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ക്ഷീരസംഘങ്ങള്‍ക്ക് 64 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
ക്ഷീര കര്‍ഷകരുടെ ക്ഷേമനിധിയുടെ ആനൂകൂല്യം കൂടുതല്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും യുവാക്കളെ ക്ഷീരമേഖലയിലേക്ക് കൊണ്ടു വരുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഉളനാട്, ഏറത്ത്, തോട്ടപ്പുഴശേരി, കോയിപ്രം, കൈതപറമ്പ് എന്നീ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ക്കാണ് തുക കൈമാറിയത്. മറ്റ് സംഘങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കും. ഒരു സംഘത്തിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്. ഓരോ സംഘവും അഞ്ച് ക്ഷീരകര്‍ഷകര്‍ക്ക് 40,000 രൂപ പലിശരഹിത വായ്പ നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കര്‍ഷകരും സംഘങ്ങളും പദ്ധതി ഗുണഭോക്താക്കളായി മാറണമെന്ന് പദ്ധതി വിശദീകരണം നടത്തിക്കൊണ്ട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റ്സി ജോഷ്വാ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, മായ അനില്‍കുമാര്‍, സെക്രട്ടറി വി. മുരളീധരന്‍ നായര്‍, ക്ഷീര വികസന ഉദ്യോഗസ്ഥര്‍, ക്ഷീര സംഘം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.