തിരുവല്ല : നിരത്തുകളിൽ ബൈക്ക് അഭ്യാസപ്രകടനം നടത്തുകയും, അത് വീഡിയോ ആക്കി പോസ്റ്റ് ചെയ്ത് ആളാവാൻ ശ്രമിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് ജില്ലയിലും ആരംഭിച്ചു. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സഹിതമാവും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുക. ട്രാഫിക് ഐ ജി യുടെ നിർദേശപ്രകാരമാണ് നടപടി. നിരത്തുകളിൽ ഇത്തരം നിയമലംഘകർ, തങ്ങൾ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നത് പരിശോധിച്ച ശേഷം, ലഭ്യമാകുന്ന വിവരം അനുസരിച്ചാവും നിയമലംഘകരെ പിടികൂടുകയെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയ്ക്ക് ഇന്ന് നടത്തിയ പ്രത്യേക ഡ്രൈവിൽ ജില്ലയിൽ നാലുപേർക്കെതിരെ നടപടിയെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടത്തും, കോയിപ്രം, കൊടുമൺ പരിധികളിൽ ഓരോ സ്ഥലത്തുമാണ് യുവാക്കളായ നിയമലംഘകരെ കുടുക്കിയത്. വാഹനത്തിൽ വരുത്തുന്ന രൂപമാറ്റം തുടങ്ങിയ നിയമലംഘനങ്ങൾക്ക് എതിരെ പ്രത്യേകം ശിക്ഷാനടപടികൾ സ്വീകരിക്കും. 5000 മുതൽ 25000 വരെയുള്ള തുകകളാണ് പിഴയായി ഈടാക്കുകയെന്നും, ഗുരുതര കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന തുടരും. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരനാണ് സ്പെഷ്യൽ ഡ്രൈവിന്റെ മേൽനോട്ടച്ചുമതല.