പത്തനംതിട്ട : സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ അദാലത്തില്‍ 45 പരാതികള്‍ പരിഗണിച്ചു. 10 കേസുകള്‍ തീര്‍പ്പാക്കുകയും ഏഴെണ്ണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 28 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റി.
കുടുംബ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സാമ്പത്തിക പരാതികള്‍, സ്ത്രീകള്‍ ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍, കുടുംബ ഓഹരി വീതം വയ്ക്കുന്നത് സംബന്ധിച്ച പരാതികള്‍, ബാങ്ക് ജപ്തിയുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയ പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്.
ഇതില്‍ വനിതാ കമ്മീഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികള്‍ പരിഹരിച്ചു. കമ്മീഷന് പരിഹരിക്കാന്‍ പറ്റാത്ത പരാതികളുമായി എത്തിയവരെ വ്യക്തമായ നിയമോപദേശം നല്‍കിയാണ് മടക്കിയത്.
പാനല്‍ അംഗങ്ങളായ അഡ്വ. കെ.ജെ. സിനി, സബീന, വുമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. എസ്. തസ്‌നിം തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.