പത്തനംതിട്ട: ശബരിമല വിവാദത്തിന് പിന്നാലെ വോട്ട് ലക്ഷ്യമിട്ട് ജില്ലയിൽ നിന്നും കൂടുതൽ നേതാക്കളെ ഇറക്കി ബി.ജെ.പി കളി തുടരുന്നു. ബിജെപി പുനഃസംഘടനയിൽ പത്തനംതിട്ട ജില്ലക്കും സുരേന്ദ്രൻ പക്ഷത്തിനും നേട്ടമുണ്ടാക്കിയതോടെ ജില്ലയിൽ ശബരിമല വിവാദമാക്കി വോട്ടാക്കാമെന്ന ലക്ഷ്യമാണ് ബി.ജെ.പി ഇപ്പോൾ ഉയർത്തുന്നത്. പുസംഘടിപ്പിക്കപ്പെട്ട സംസ്ഥാന നേതൃത്വത്തിലേക്ക് ജില്ലയിൽ നിന്നും മൂന്ന് നേതാക്കൾക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റായി ഷാജി ആർ നായർ,ബിജെപി സംസ്ഥാന സെക്രട്ടറി ആയി പന്തളം പ്രതാപൻ,സെൽ കോ ഓർഡിനേറ്ററായി അശോകൻ കുളനട എന്നിവർക്കാണ് നിയമനം .ആദ്യമായാണ് ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ നിന്നും ഇത്രയധികം പേർ സംസ്ഥാന തലത്തിലേക്ക് എത്തുന്നത്.
മുതിർന്ന നേതാക്കളായ വിഎൻ ഉണ്ണി, പ്രതാപ ചന്ദ്ര വർമ്മ എന്നിവർക്ക് ശേഷം എജി ഉണ്ണികൃഷ്ണനാണ് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് ഉയർന്നത്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത കാരണം ഉണ്ണികൃഷ്ണൻ രാജിവച്ച് സിപിഎമ്മിൽ ചേരുകയും പിന്നീട് മുന്നോക്ക കമ്മീഷൻ അംഗമായി സംസ്ഥാന സർക്കാർ നിയമിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന തലത്തിൽ ജില്ലക്ക് പ്രാധാന്യവും പ്രാതിനിധ്യവും ഇല്ലാത്ത സ്ഥിതി ആയിരുന്നു. അതിന് ഇപ്പോൾ കാര്യമായ പരിഗണനയോടെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി ദക്ഷിണ മേഖല സെക്രട്ടറി ഷാജി ആർ നായർ കർഷ മോർച്ച സംസ്ഥാന പ്രസിഡന്റായി. നേരത്തെ പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്നു. കെ സുരേന്ദ്രൻ ആദ്യമായി ജില്ലയിൽ മത്സരിക്കാൻ എത്തിയപ്പോൾ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത് ഷാജി ആയിരുന്നു.അന്ന് വിജയത്തിലേക്ക് വരെ സുരേന്ദ്രനെ എത്തിച്ച മത്സരം കൂടി ആയിരുന്നു. തോട്ടം മേഖലയിലെ കർഷകൻ കൂടിയായ ഷാജി അടുത്ത കാലത്തു് ഗവി അടക്കമുള്ള കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും നിരവധി സമരങ്ങൾ നയിക്കുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറി ആയി നിയമിതനായ പന്തളം പ്രതാപൻ കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ചു് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന് മുൻപാണ് ബി.ജെ.പി അംഗമായത്.അടൂർ സംവരണ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.കോൺഗ്രസ് പ്രതിനിധി ആയി ജില്ലാ പഞ്ചായത്തിൽ നേരത്തെ വൈസ് പ്രസിഡന്റായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ് പന്തളം സുധാകരന്റെ സഹോദരൻ കൂടി ആയ പ്രതാപൻ.
ബി.ജെ.പി സംസ്ഥാന സെൽ കോ ഓർഡിനേറ്റർ ആയി നിയമിതനായത് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ അശോകൻ കുളനടയാണ്. കുമ്മനം രാജശേഖരൻ പക്ഷക്കാരൻ ആണെങ്കിലും അശോകനെ പാർട്ടി സംസ്ഥാന തലത്തിലേക്ക് ഉയർത്തി. കുളനട ഗ്രാമ പഞ്ചായത്തു് പ്രസിഡന്റായി പ്രവർത്തിച്ച പരിചയവും ഉണ്ട്.കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ സ്ഥാനാർഥി ആയിരുന്നു.
ബി.ജെ.പി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാന സെക്രെട്ടറിയുമായ എസ്.സുരേഷ് പത്തനംതിട്ടയുടെ മരുമകനാണ്. പുതിയ ജില്ലാ പ്രസിഡന്റായി നിയമിതനായ വി എ സൂരജ് വെന്മേലി കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിന്റെ പൂർണ്ണ ചുമതലക്കാരൻ ആയിരുന്നു. സൂരജ് നേരത്തെ എബിവിപി സംസ്ഥാന സെക്രെട്ടറി ആയി പ്രവൃത്തിച്ചിട്ടുണ്ട്. പരേതനായ അഡ്വ.മധുസൂദനൻ നായർ നേരത്തെ ദേശീയ സമിതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി എം അയ്യപ്പൻ കുട്ടിയും സെക്രട്ടറി ആയി സുരേഷ് കാദംബരിയും പ്രവർത്തിച്ചിട്ടുണ്ട്.