തിരുവല്ല : വെള്ളപ്പൊക്കകെടുതിയില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണവും ക്ഷീര വികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വെള്ളം പൊങ്ങിയ മേഖലകളിലെ ക്ഷീരസംഘങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ മേഖലയില്‍ പാല്‍ ഉത്പാദനത്തില്‍ കുറവ് വന്നവര്‍ക്ക് നേരത്തെ നല്‍കിയ പാല്‍ അളവിന്റെ 40 ശതമാനത്തിന്റെ തുക വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളവര്‍ക്ക് എത്രയും വേഗം ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്യും. കൂടാതെ പശുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തനിവാരണ നിയമം അനുസരിച്ച് സഹായമായി പശു ഒന്നിന് 30,000 രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും. പശുക്കിടാവിന് 15000 രൂപയും കോഴികള്‍ക്ക് 200 രൂപയും നഷ്ടപരിഹാരമായി നല്‍കും. പാലിന് ഉയര്‍ന്ന വില നല്‍കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സ്വന്തമായി കാലിത്തീറ്റ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മില്‍മയുമായി ആലോചിച്ച് നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു നല്‍കും. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന കാലിത്തൊഴുത്തുകള്‍ പുനര്‍ നിര്‍മിക്കാന്‍ ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് കണക്കെടുപ്പുകള്‍ നടത്തി നഷ്ടപരിഹാരം നല്‍കും. കന്നുകാലി ഷെല്‍ട്ടറുകളില്‍ പശുവിന് ഒരു ദിവസം 70 രൂപയുടെ കാലിത്തീറ്റ സൗജന്യമായി നല്‍കും. കന്നുകാലി കര്‍ഷകര്‍ക്കും ഇഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. പുല്‍കൃഷി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ധനസഹായം ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരിത ബാധിത പ്രദേശത്തെ കന്നുകാലികള്‍ക്കുള്ള കുളമ്പുരോഗ വാക്‌സിന്‍ കുത്തിവയ്പ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വായ്പൂര്‍ ചെറുതോട്ട് കാലായില്‍ ക്ഷീര സംഘം, സമീപത്തെ മാവേലി സ്റ്റോര്‍, വള്ളംകുളം ക്ഷീര സംഘം, പന്തളം കടയ്ക്കാട് ഫാമിലെ ഉരുക്കളെ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചിരിക്കുന്ന പന്തളം എന്‍എസ്എസ് കോളജ് എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള, മില്‍മ ചെയര്‍മാന്‍ എന്‍.ഭാസുരാംഗന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സിന്ധു, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, പഞ്ചായത്തംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.