മലപ്പുറം: പൊന്നാനിയില്‍ വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. കോഴിക്കോട് ചേവായൂര്‍ കൂട്ടബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ മറവിലാണ് എസ്പി സൈബര്‍ സെല്ലിനെ തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്ശന് എതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്.ഫോണ്‍ രേഖകള്‍ ചോര്‍ത്തി തന്റെ ഭര്‍ത്താവിന് കൈമാറിയെന്നാണ് പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതി.
യുവതിയുടെ പരാതിയില്‍ പറയുന്നത് പ്രകാരം ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടാണ് എസ്പി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് എസ്പി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ ചോര്ത്തണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഇത് പ്രകാരം എസ്പി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തി. . ചോര്‍ത്തിയ വിവരങ്ങള്‍ ഭര്‍ത്താവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി രാഹുല്‍ ആര് നായര്‍ കേസ് അന്വേഷിക്കും. മലപ്പുറം എസ്പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.