ഇടുക്കി: മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമാണ് മൂന്നാർ ഹിൽ അതോറിറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാരിന് ഒന്നും മറച്ച് വെക്കാനില്ല. കുടിയേറ്റ ജനതയെ വിശ്വാസത്തിലെടുത്ത പ്രവർത്തനമാണ് സർക്കാർ നടത്തിയത്. വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒപ്പം അനധികൃത നിർമ്മാണങ്ങളും നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. എന്നാൽ ചില വിഷയങ്ങളിൽ അനാവശ്യ ഭീതി ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. ഇടുക്കിയിൽ മാത്രം 37815 പേർക്ക് കഴിഞ്ഞ ഭരണകാലത്തു വിതരണം ചെയ്തു. ഈ സർക്കാർ 6489 പട്ടയം നൽകി. 2021 തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന പോലെ ഭൂ പതിവ് നിയമം ഭേദഗതി ചെയ്തു. നടപ്പാക്കാൻ കഴിയുന്നത് മാത്രമേ എൽ ഡി എഫ് പറയൂ. പറഞ്ഞാൽ അത് ചെയ്യും. ഭൂ പതിവ് ചട്ടങ്ങളിലും ഭേദഗതി വരുത്തുമെന്നും പിണറായി പറഞ്ഞു.
ഇടുക്കി മെഡിക്കൽ കോളജ് ഒപി ബ്ലോക്ക് പൂർത്തിയാക്കി. മറ്റു ബ്ലോക്കുകൾ നിർമാണം നടക്കുന്നു. വന്യ ജീവി ആക്രമണം നേരിട്ടവർക്ക് 31 കോടി നഷ്ട പരിഹാരം നൽകിയിരുന്നു. സാധാരണക്കാരൻ ജീവനോപാധിയായി കണ്ടെത്തിയിരിക്കുന്ന നിർമാണങ്ങൾ ക്രമവത്ക്കരിക്കും. നിശ്ചിത അളവ് വരെ അപേക്ഷ ഫീസ് മാത്രം ഈടാക്കും. അതിന് മുകളിൽ ഫീസ് ഇടാക്കും. അളവ് എത്രയെന്നു ചട്ടത്തിന്റെ ഭാഗമായി തീരുമാനിക്കും.
വാണിജ്യ ആവശ്യത്തിന് നിർമിച്ച കെട്ടിടത്തിന് ഫീസ് ഒടുക്കേണ്ടി വരും. കെട്ടിടങ്ങൾ സർക്കാരിലേക്ക് ഏറ്റെടുക്കില്ല. പട്ടയ വ്യവസ്ഥകൾ ലംഘിച്ച് പണിത കെട്ടിടങ്ങൾ പൊതു ആവശ്യവും വാണിജ്യ ആവശ്യവും രണ്ടായി കാണും. ടൂറിസം മേഖലയിലെയും ചെരിഞ്ഞ പ്രദേശങ്ങളിലെയും നിർമാണങ്ങൾക്ക് പ്രത്യേക ചട്ടം കൊണ്ടു വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.