കേരളത്തിൽ ദളിത് മുഖ്യമന്ത്രി ഇല്ലാതാകാൻ രാധാകൃഷ്ണനെ ഒതുക്കി : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മാത്യു കുഴൽനാടൻ : വൃത്തികെട്ട ജാതി രാഷ്ട്രീയം എന്ന് തിരിച്ചടിച്ച് സി പി എം

തിരുവനന്തപുരം: കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണ് കെ.രാധാകൃഷ്ണനെ പാര്‍ലമെന്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചേലക്കര മറുപടി പറയുമെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു. അതേസമയം, കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും സ്വയം തരംതാഴുന്ന അഭിപ്രായപ്രകടനമാണ് കുഴല്‍നാടന്റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. കെ.രാധാകൃഷ്ണനെ എംപി ആക്കിയതു വഴി മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രതിനിധി ഇല്ലാതായി എന്നും ആരും ചോദിക്കാനില്ല എന്ന ധൈര്യത്തില്‍ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കിള്ളിമംഗലം ചെറങ്കോണം ഒലിപ്പാറയില്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഎംഎസ് മന്ത്രിസഭയില്‍ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇതാണ് പിണറായി ഇപ്പോള്‍ ഇല്ലാതാക്കിയത്. ഏതെങ്കിലും കാരണവശാല്‍ പിണറായി രാജിവയ്‌ക്കേണ്ടി വന്നാല്‍ സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ആകേണ്ടത് കെ.രാധാകൃഷ്ണനാണെന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ മാറ്റിനിര്‍ത്തിയത്. പകരം ആ വിഭാഗത്തില്‍ നിന്ന് ഒരാളെ മന്ത്രിയാക്കുമെന്നു പറയാന്‍ പിണറായിക്ക് ധൈര്യമില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ‘കേരള മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമായാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മന്ത്രിയില്ലാത്ത, മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത, അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നത്. എത്ര നിങ്ങള്‍ മൂടിവെച്ചാലും എത്ര ശ്രദ്ധിക്കപ്പെടരുതെന്നാഗ്രഹിച്ചാലും ഈ വിഷയം ചേലക്കര ചര്‍ച്ച ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. കെ.രാധാകൃഷ്ണന്റെതുപോലെയൊരു സാന്നിധ്യം ചേലക്കരയില്‍ ഞങ്ങളാരും കണ്ടില്ല. ഇതെല്ലാം കൂടി മനസ്സില്‍വെച്ചാകും ചേലക്കര വിധിയെഴുതുക. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആദ്യമായി കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതാക്കിയ പിണറായി വിജയന്‍, ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത നിഴല്‍ രൂപപ്പെട്ടപ്പോള്‍ അതില്ലാതാക്കിയ പിണറായി വിജയന്‍, ഇത് രണ്ടും അടിസ്ഥാനവിഭാഗങ്ങളുടെ മനസ്സില്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും’, മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിലയും വിലയുമില്ലാത്തവനാണെന്നും പറയുന്നത് ജാതി രാഷ്ട്രീയമാണെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം. പട്ടികജാതി മന്ത്രിയില്ലെന്ന കുഴല്‍നാടന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുഴല്‍നാടന്റെ പ്രസ്താവന തരം താണതാണ്. കോണ്‍ഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ട്. കുഴല്‍നാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയത്. ഇത്തരം തരംതാണ പ്രസ്താവനയിലൂടെ കുഴല്‍നാടന്‍ വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നു. ചേലക്കരയില്‍ ഭരണവിരുദ്ധ വികാരമില്ല. കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ജാതി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വരാഷ്ട്രീയമാണ് കുഴല്‍നാടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ‘രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയാകേണ്ട ആളാണെന്നാണ് ഇപ്പോള്‍ പറയുന്നത്. രാധാകൃഷ്ണനെതിരേ ഇവരെല്ലാം എന്തെല്ലാം പറഞ്ഞതാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ഥാനത്ത്, സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായി കെ.രാധാകൃഷ്ണനെ ഉയര്‍ത്തികൊണ്ടുവന്നത് ഞങ്ങളാണ്. അങ്ങനെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു നേതാവാണ് രാധാകൃഷ്ണന്‍. രാധാകൃഷ്ണന്റെ ജാതി പറഞ്ഞുകൊണ്ടാണ് കുഴല്‍നാടന്‍ എത്തിയത്. അത് സ്വത്വരാഷ്ട്രീയമാണ്. സ്വത്വരാഷ്ട്രീയം യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഒരു മുഖമാണ്. കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ്. ഇതിനു മുമ്ബ് യുഡിഎഫിന്റെ സര്‍ക്കാരുണ്ടായിരുന്ന സമയം എല്ലാ സന്ദര്‍ഭത്തിലും പട്ടികജാതി മന്ത്രിയുണ്ടായിരുന്നോ. എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടി എന്തും ഉപയോഗിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു പ്രയോഗമാണ് നടത്തിയത്. ജാതിയുടെ പ്രയോഗമാണത്. തരംതാണ ഏര്‍പ്പാടാണത്. കുഴല്‍നാടന്‍ നിലയും വിലയുമുള്ള എം.എല്‍.എ. ആണെന്നാണ് ധരിച്ചുവെച്ചിരുന്നത്. അദ്ദേഹത്തിന് ഒരു നിലയും വിലയുമില്ലാത്ത രീതിയില്‍ ജാതിരാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്’. നാലു വോട്ട് കിട്ടുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.ചേലക്കര മറുപടി പറയുമെന്ന് മാത്യു കുഴല്‍നാടന്‍

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.