നമുക്ക് നല്ല പാട്ടുകള്‍ ഉണ്ടാക്കാം, കേള്‍ക്കാം, ആസ്വദിക്കാം ; പുരസ്ക്കാരത്തിന് പിന്നാലെയുള്ള കോലാഹലങ്ങൾ എന്തിനാണ് : നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിൽ  സന്തോഷിക്കുന്നു : പ്രതികരണവുമായി സിത്താര കൃഷ്ണകുമാർ

എറണാകുളം : ദേശീയ പുരസ്കാരം നേടിയ ഗായിക നഞ്ചിയമ്മയ്ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച്‌ ഗായിക സിതാര കൃഷ്ണകുമാര്‍.പുരസ്കാര പ്രഖ്യാപനതിനു ശേഷം ഉയര്‍ന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നും സിതാര പറഞ്ഞു. നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം വെളിപ്പെടുത്തിയായിരുന്നു സിതാര സംസാരിച്ചത്. ഫെയ്സ് ബുക്ക് ലൈവിലൂടെയായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയുടെ പ്രതികരണം.

Advertisements

സിതാരയുടെ വാക്കുകള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘നഞ്ചിയമ്മ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഏതോ ഒരു സ്ഥലത്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ഈ ചര്‍ച്ചകളൊന്നും അവര്‍ അറിയുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ട്. അത് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതില്‍ തെറ്റും ശരിയുമില്ല. പക്ഷേ അഭിപ്രായപ്രടനങ്ങള്‍ പിന്നീട് തര്‍ക്കങ്ങളിലേയ്ക്കും വഴക്കുകളിലേയ്ക്കും മാറുന്നു. ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാകുന്നു. ചീത്തവിളികള്‍ ഉണ്ടാകുന്നു. ഇതിന്റെയൊക്കെ ആവശ്യമെന്താണ്? സംഗീതത്തെക്കുറിച്ചല്ലേ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. സിനിമയിലെ പാട്ടുകള്‍ സിനിമാ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു വരുന്നതാണ്. അതിനെ അങ്ങനെ തന്നെ കണ്ടാല്‍ പോരെ? അല്ലാതെ ഒരു പുരസ്കാരം പ്രഖ്യാപിച്ച ശേഷം നമ്മള്‍ അതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു ലഹളകളുണ്ടാക്കുന്നതെന്തിനാണ്. പുരസ്കാരം പ്രഖ്യാപിച്ചതോടെ അത് അവിടെ തീര്‍ന്നു. അങ്ങനെ വിചാരിച്ചാല്‍ പോരെ?

എത്രയോ സംഗീതശാഖകളുണ്ട് നമ്മുടെ രാജ്യത്ത്? ഇവിടെ ജനപ്രിയമായത് സിനിമാഗാനങ്ങള്‍ ആയതുകൊണ്ടാണ് ആ സംഗീതത്തെക്കുറിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. സംഗീതത്തിനു വേണ്ടി ജീവിതം മാറ്റിവച്ചവരുടെ ലക്ഷ്യം സിനിമയല്ല. അവര്‍ക്കു സിനിമയില്‍ പാടണമെന്ന് ആഗ്രഹമില്ല. പിന്നണിഗായകരാകാന്‍ താത്‍പര്യമുള്ളവര്‍ ആ വഴി തിരഞ്ഞെടുക്കട്ടെ. അല്ലാത്തവര്‍ താന്താങ്ങളുടേതായ ലക്ഷ്യത്തിലേയ്ക്കു നീങ്ങട്ടെ.നമുക്കിടയില്‍ നിന്നും ഇല്ലാതായിപ്പോകുന്ന ഒരുപാട് സംഗീതശാഖകള്‍ ഉണ്ട്. അതിനെയൊക്കെ തിരിച്ചുപിടിക്കണം. അത്തരം സംഗീതശാഖകളില്‍ ജീവിതം അര്‍പ്പിച്ചിട്ടുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അവരെ പരിഗണിക്കുകയും വേണം. സിനിമയുടെ പുരസ്കാരങ്ങള്‍ സിനിമയ്ക്കുള്ളതാണ്. അതിനെ ആ രീതിയില്‍ തന്നെ കാണുക. പുരസ്കാരങ്ങള്‍ നിര്‍ണയിക്കുന്നത് വ്യക്തികള്‍ ആണല്ലോ, അപ്പോള്‍ അതിനെ ആ പ്രാധാന്യത്തില്‍ മാത്രം കണ്ടാല്‍ പോരെ? പുരസ്കാര പട്ടിക പുറത്തു വരുമ്ബോള്‍ അത് വ്യക്തിപരമായ ചീത്തവിളികളിലേയ്ക്കും ബഹളത്തിലേയ്ക്കും പോകാതിരുന്നാല്‍ നമുക്ക് സമാധാനത്തോടെയിരിക്കാമല്ലോ. നമുക്ക് നല്ല പാട്ടുകള്‍ ഉണ്ടാക്കാം, കേള്‍ക്കാം, ആസ്വദിക്കാം.

നഞ്ചിയമ്മയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചതില്‍ വ്യക്തിപരമായി ഞാന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. അവരുടെ പാട്ടുകള്‍ നേരെ ഹൃദയത്തിലേയ്ക്കാണു വന്നു പതിക്കുന്നത്. നാം ഇപ്പോള്‍ കേള്‍ക്കുന്ന പല പാട്ടുകളും പ്രകൃതിയില്‍ നിന്നുണ്ടായ ശബ്ദങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. ഇത്തവണ നഞ്ചിയമ്മയ്ക്കു പുരസ്കാരം കിട്ടിയപ്പോള്‍ പ്രകൃതിയോടിണങ്ങിയ ആ സംഗീതശാഖയിലേയ്ക്കു മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്തുന്നു. അന്യം നിന്നു പോകുന്ന പല പാട്ടുകളും സംഗീതശേഖരങ്ങളും നമുക്ക് തിരിച്ചുകിട്ടാനുള്ള ഒരു വഴി ആയിരിക്കാം അത്. വലിയ ഗായകരൊന്നും പുരസ്കാരത്തെക്കുറിച്ചോര്‍ത്തു വിഷമിക്കാറില്ല. അവര്‍ സംഗീതത്തോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് ജീവിതം പൂര്‍ണമായും സംഗീതത്തില്‍ അര്‍പ്പിച്ചിരിക്കുന്നത്’, സിതാര ഫെയ്സ്ബുക് ലൈവില്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.