കൊച്ചി :സിനിമാ സെറ്റുകളിൽ ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പൊലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ
സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പരിശോധന കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇനിയും ഇത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ ഇന്ന് പറഞ്ഞിരുന്നു.
സിനിമാ സെറ്റുകളിൽ ഇനി മുതൽ ഷാഡോ പോലീസ് വിന്യസിച്ച് പരിശോധന നടത്താനാണ് തീരുമാനം.
ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ സെറ്റുകളിൽ റെയ്ഡ് നടത്തും. എന്നാൽ ഇതുവരെ സിനിമാ രംഗത്തുള്ള ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല.
വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ പൊലീസും മൊഴിയെടുക്കുമെന്നും കമ്മീഷണർ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.