കൊച്ചി: സംസ്ഥാന പൊലീസിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാക്കമ്മിറ്റികളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നത് സർക്കാരും ആഭ്യന്തര വകുപ്പും നോക്കി നിൽക്കുകയാണ്.
ഒരു കൊലപാതകം ഉണ്ടായിട്ടും അടുത്തത് തടയാൻ പൊലീസിന് കഴിഞ്ഞില്ല. എല്ലാ കാര്യത്തിലും സി പി എം അനാവശ്യമായ ഇടപെടൽ നടത്തുന്നു. കോടതികൾ സ്ഥിരമായി പൊലീസിനെ വിമർശിക്കുന്ന മോശം സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ റെയിൽ പദ്ധതി അനാവശ്യമാണ്. പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ സർക്കാർ അടിയന്തരമായി നിർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെയുള്ള യുഡിഎഫിന്റെ രണ്ടാംഘട്ട സമര പരിപാടികൾ ഉടൻ ആരംഭിക്കും. കെ റെയിലിനെ ശശി തരൂർ പിന്തുണച്ചിട്ടില്ല. പദ്ധതിയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.
പദ്ധതിയെ സംബന്ധിച്ച് തരൂർ നടത്തിയ അഭിപ്രായ പ്രകടനം പാർട്ടി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിലുമായി ബന്ധപ്പെട്ട നിയമസഭാ ചർച്ചയ്ക്ക് ഭരണപക്ഷം തയ്യാറാകാത്തത് ഒളിച്ച് പിടിക്കാൻ നിരവധി കാര്യങ്ങൾ ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.