മലപ്പുറം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ വിപുലമായ ജാഗ്രതാ നടപടികളുമായി പോലീസ്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ ആറ് സബ് ഡിവിഷൻ ഡിവൈ.എസ്.പിമാരടക്കം ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ പുതുവത്സര സുരക്ഷയ്ക്കായി നിയോഗിച്ചു. ശനിയാഴ്ച രാത്രി പത്തിന് ശേഷം ബാറുകൾ, ബീർ/വൈൻ പാർലറുകൾ, കള്ളു ഷാപ്പുകൾ എന്നിവയുടെ പ്രവർത്തനം തടയും. പടക്ക വില്പനശാലകളും അടയ്ക്കണം.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാൻ പ്രത്യേക സംഘത്തെയും സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘത്തെയും നിയോഗിച്ചു. അനുമതിയില്ലാതെ ഡി.ജെ. പാർട്ടികൾ പാടില്ല. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമുണ്ട്. ആഘോഷത്തിന്റെ ഭാഗമായി വാഹന ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നിയമ നടപടികൾ സ്വീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കള്ളുഷാപ്പുകളിൽ വിൽപ്പന നടത്തുന്ന മദ്യത്തിന്റെ സാംപിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് വിധേയമാക്കും.
ബസ് സ്റ്റാൻഡുകൾ, പ്രധാന റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ് ശക്തമാക്കും. പോക്കറ്റടിക്കാർ, ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ തുടങ്ങിയവരും കേസുകളിൽ ജാമ്യമെടുത്തവരും നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പുതുവത്സരത്തിൽ രാത്രി വാഹനപരിശോധന കർശനമാക്കാനൊരുങ്ങി വാഹന വകുപ്പ്. പിടികൂടുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും. ജില്ലാ ആർ.ടി.ഒ. സി.വി.എം. ഷരീഫിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തുക. ആഘോഷത്തിമിർപ്പിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽക്കണ്ടാണ് നീക്കം.
മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ്ചെയ്യലും ഉണ്ടാകും. മറ്റുള്ളവരുടെ ഡ്രൈവിങ്ങിനെ ബാധിക്കുന്ന രീതിയിൽ വിവിധ വർണലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരേയും നടപടിയുണ്ടാകും.