കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയേക്കും; ചിത്രം ഒഴിവാക്കുക അഞ്ച് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ട്ടിഫിക്കറ്റില്‍നിന്നാണ് ചിത്രം ഒഴിവാക്കുക. ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണിത്. സര്‍ട്ടിഫിക്കറ്റില്‍നിന്നു മോദിയുടെ ചിത്രം മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ കോവിന്‍ ആപ്പ് വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisements

2021 മാര്‍ച്ചില്‍ കേരളം ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ആരോഗ്യ മന്ത്രാലയം ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു.ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴു വരെ വിവിധ ഘട്ടങ്ങളായാണ് അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് എല്ലായിടത്തും വോട്ടെണ്ണല്‍. യു.പി.യില്‍ ഏഴുഘട്ടമായാണ് വോട്ടെടുപ്പ്. മണിപ്പുരില്‍ രണ്ടുഘട്ടം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ ഒറ്റദിവസത്തെ വോട്ടെടുപ്പുമാത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 15 വരെ എല്ലായിടത്തും റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോ തുടങ്ങിയവയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തി. ആദ്യമായാണ് തിരഞ്ഞെടുപ്പുവേളയില്‍ പൊതുയോഗങ്ങളും റോഡ് ഷോയും റാലികളും പാടില്ലെന്ന താത്കാലികവിലക്ക് കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ തുടര്‍തീരുമാനമുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശില്‍ ചന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Hot Topics

Related Articles