മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 25 ന് രാവിലെ 11 ന് നടക്കും. വൈസ് പ്രസിഡന്റ് ആയിരുന്ന എൽഡിഎഫിലെ ശോശാമ്മ തോമസ് യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിനെ തുടർന്നാണ് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ കെ വി രശ്മി മോളാകും യു ഡി എഫ് സ്ഥാനാർഥി.
അവിശ്വാസത്തിലൂടെ പുറത്തായ ശോശാമ്മ തോമസ് തന്നെ എൽ ഡി എഫ് സ്ഥാനാർഥിയാകാനാണ് സാധ്യത. 13 അംഗ പഞ്ചായത്തിൽ എൽ ഡി എഫിന് ഏഴും യു ഡി എഫിന് ആറും അംഗങ്ങളാണ് ഉള്ളത്. എൽ ഡി എഫ് സ്ഥാനാർഥിയായി വിജയിച്ച് പ്രസിഡന്റായ സൗമ്യ ജോബി പിന്നിട്ട് യു ഡി എഫിനൊപ്പം ചേർന്നതിനെ തുടർന്ന് ആറ് എൽ ഡി എഫ് അംഗങ്ങൾ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നെങ്കിലും പ്രസിഡന്റും യു ഡി എഫ് അംഗങ്ങളും വിട്ടു നിന്നതിനാൽ ക്വോറം തികയാത്തതിനാൽ ചർച്ചയ്ക്ക് എടുത്തിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വർഷമായിരുന്നു ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം എന്നാൽ ഒരു വർഷത്തിനു ശേഷം സ്ഥാനം ഒഴിയാത്തതിനാലാണ് എൽ ഡി എഫ് അവിശ്വാസത്തിന് നോട്ടിസ് നൽകിയത്. അവിശ്വാസം പരാജയപ്പെടുത്താൻ യു ഡി ഫ് സഹായിച്ചതോടെ പിന്നിട് വൈസ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണവും നഷ്ടമായി.
ഇതിനിടെ , പുറമറ്റം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ നടക്കുന്ന തിരഞ്ഞെടുപ്പിനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. നാളെ 11 നുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ പഞ്ചായത്തംഗങ്ങൾക്കും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉദ്യോഗസ്ഥർക്കും മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു.
ക്രമസമാധാന പ്രശ്നങ്ങളുണ്ടാ വുന്നില്ലെന്ന് ഉറപ്പാക്കണമെന്നു പത്തനംതിട്ട ജില്ലാ പൊലീസ് സുപ്രണ്ടിനും തിരുവല്ല കോയിപ്രം പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.
ഹർജി 27 വീണ്ടും പരിഗണിക്കും.
സംരക്ഷണം തേടി പഞ്ചായത്തംഗമായ ജൂലി കെ വർഗീസ് ഉൾപ്പെടെ യുഡിഎഫ് അംഗങ്ങളായ ഏഴു പേർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.