ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലധികമായി കൊവിഡുമായുള്ള പോരാട്ടം തുടരുകയാണ് ലോകം. ഒരു വര്‍ഷത്തോളമായി രാജ്യത്ത് വാക്സിനേഷന്‍ നടപടികളും ഊര്‍ജ്ജിതമാണ്. ജനസംഖ്യയുടെ കാര്യത്തില്‍ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇത്രയധികം ആളുകളിലേക്ക് വാക്സിനെത്തിക്കുകയെന്നത് ചെറിയ ജോലിയുമായിരുന്നില്ല. ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യയിലെ മുതിര്‍ന്ന പൗരരില്‍ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, കുട്ടികള്‍ക്കുള്ള വാക്സിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തത് ആശങ്ക ഉണര്‍ത്തുന്നു. പുതിയ കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമല്ലാതിരിക്കുന്നതും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതും ആശങ്കയ്ക്ക് വഴിവച്ചു. 84.8 ശതമാനം മുതിര്‍ന്ന പൗരര്‍ ഒരു ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞു. ഇതുവരെ 127.61 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും ആകെ 1,32,44,514 സെഷനുകള്‍ ഇതിനായി എടുത്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.