രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കില്ല. ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹർജി ദില്ലി കോടതി തള്ളിയ സാഹചര്യത്തിലാണിത്. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ഹർജി നൽകിയത്.
സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയിൽ ചില മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായും അറിഞ്ഞതിനാൽ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച കോടതി, അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളുക ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദിപുരുഷിൽ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചെന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പുരാണങ്ങളില്‍ രാമനെ മഹാമനസ്‌കനും ശാന്തനുമായാണ് കാണിച്ചതെങ്കില്‍ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പലതവണ റിലീസ് മാറ്റിവച്ച ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു.
ചിത്രത്തിൽ രാവണനായി സെയ്‍ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു.