ഏറ്റുമാനൂർ : പട്ടിത്താനം മണർകാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറി. അപകടത്തിൽ സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 തോടെയായിരുന്നു അപകടം. ഏറ്റുമാനൂർ വള്ളിക്കാട് റോഡിൽ നിന്നും തവളക്കുഴി ജംഗ്ഷനിലേക്ക് വന്ന തണ്ണീർമുക്കം സ്വദേശിയുടെ കാറാണ് അപകടത്തിന് കാരണമായത്. ബൈപ്പാസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാറ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ച ശേഷം എതിരെ വന്നിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. പിന്നീട് സമീപത്തെ കടയുടെ വശത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് അപകട സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.