ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മുവില്‍ സന്ദർശനം നടത്തും. 30,500 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിനായി സമർപ്പിക്കുന്നത്.ആരോഗ്യം, വിദ്യാഭ്യാസം, റെയില്‍, റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുക. ജമ്മുവിലെ എയിംസ്, വിജയ്പൂർ (സാംബ) ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (എയിംസ്) പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴില്‍ 1660 കോടിയിലധികം രൂപ ചെലവിലാണ് അത്യാധുനിക ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ചത്. 720 കിടക്കകളുണ്ട് ഇവിടെ. 125 സീറ്റുകളുള്ള ഒരു മെഡിക്കല്‍ കോളേജും 60 സീറ്റുകളുള്ള നഴ്സിംഗ് കോളേജും 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും ഇവിടെയുണ്ട്. 18 സ്പെഷ്യാലിറ്റികളിലും 17 സൂപ്പർ സ്പെഷ്യാലിറ്റികളും ഉള്‍പ്പെടെ ഉയർന്ന നിലവാരമുള്ള പരിചരണം രോഗികള്‍ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം.വിവിധ റെയില്‍, റോഡ് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ബനിഹാല്‍ – ഖാരി – സംബർ – സംഗല്‍ദാൻ റെയില്‍ പാതയും ബാരാമുള്ള – ശൃംഗർ – ബനിഹാല്‍ – സങ്കല്‍ദാൻ പാതയുടെ വൈദ്യുതീകരണവും നാടിന് സമർപ്പിക്കും. ദില്ലി – അമൃത്സർ – കത്ര എക്സ്പ്രസ് വേ, ശ്രീനഗർ റിംഗ് റോഡ് എന്നിവയുള്‍പ്പെടെയുള്ള റോഡ് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജമ്മു വിമാനത്താവളത്തില്‍ പുതിയ ടെർമിനലിനും പ്രധാനമന്ത്രി തറക്കല്ലിടും. 40,000 ചതുരശ്ര മീറ്ററിലായി ആധുനിക സൗകര്യങ്ങളോടെ ഏകദേശം 2000 യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് രൂപകല്‍പ്പന. എയർ കണക്റ്റിവിറ്റി, ടൂറിസം, വ്യാപാരം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് വിമാനത്താവള വികസനം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ സുരക്ഷ ശക്തിപ്പെടുത്തി. പൊലീസും അർദ്ധ സൈനിക വിഭാഗവും വാഹന പരിശോധന നടത്തി. നാളെ വൈകുന്നേരം ജമ്മുവില്‍ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യും. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ഇതു രണ്ടാം വട്ടമാണ് പ്രധാനമന്ത്രി ജമ്മുവിലെത്തുന്നത്.