ന്യൂഡൽഹി : കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യു.ജി.സി. ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ നിരീക്ഷിച്ചത്. നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് എതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാൻ സമയം വേണമെന്ന് യു.ജി.സി. ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തെ സമയം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാൻ യു.ജി.സിക്ക് സുപ്രീം കോടതി അനുവദിച്ചു.
അതിന് മറുപടി നല്‍കാൻ രണ്ടാഴ്ചത്തെ സമയം പ്രിയ വർഗീസിനും കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതിനുശേഷമാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ ഹൈക്കോടതിവിധിക്ക് എതിരെ പരാമർശം നടത്തിയത്. യു.ജി.സി. ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കരോളിന്റെ നിരീക്ഷണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇതിന് മറുപടിയുണ്ടെന്ന് പ്രിയ വർഗീസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിധീഷ് ഗുപ്ത പറഞ്ഞു. പ്രിയ വർഗീസിന് വേണ്ടി സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായത് സീനിയർ അഭിഭാഷകൻ നിധീഷ് ഗുപ്ത, അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ എന്നിവരായിരുന്നു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജവാഹർലാല്‍ ഗുപ്തയുടെ മകൻ ആണ് സീനിയർ അഭിഭാഷകൻ നിതീഷ് ഗുപ്ത. യുജിസിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റർ ജനറല്‍ കെ.എം. നടരാജ്, സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവർ ഹാജരായി. കേസിലെ മറ്റ് കക്ഷികള്‍ക്ക് വേണ്ടി പി. എസ്. സുധീർ, എം.എസ്. വിഷ്ണു ശങ്കർ, അതുല്‍ ശങ്കർ വിനോദ് എന്നിവർ ഹാജരായി.