കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിന്റെ മരണം. അര്‍ബുദരോഗബാധിതനായി പിടി തോമസ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരില്‍ തുടരുന്നതിനിടെയാണ് മരണം.
പിടി തോമസിന് അര്‍ബുദമായിരുന്നുവെന്ന കാര്യം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്‌നങ്ങളാല്‍ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താന്‍ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ക്കും അറിയില്ല. പാര്‍ട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിന്റെ തുടര്‍ചികിത്സയില്‍ അമേരിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ നിന്നടക്കം വിവരങ്ങള്‍ തേടിയിരുന്നു.