പത്തനംതിട്ട :
ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ നല്‍കാനായി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ഉറപ്പാണ് തൊഴില്‍. മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന്റെ തുടര്‍ച്ചയായി ജില്ലയിലെ ഡിഡബ്ല്യൂഎംഎസ് (ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് ) പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും വരുന്ന രണ്ടു വര്‍ഷക്കാലം കൊണ്ട് തൊഴിലുറപ്പാക്കുന്ന പരിപാടിയാണിത്. സംസ്ഥാനസര്‍ക്കാരിന്റെ നോളേജ് ഇക്കണോമി മിഷനും ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് തൊഴിലന്വേഷകരെ ജോബ് സ്‌റ്റേഷനുകളില്‍ എത്തിക്കും.
കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പ്ലാറ്റ്‌ഫോമിലെ മാച്ച്ഡ് ജോബ്‌സ് എന്ന പേജില്‍ ജില്ലയ്ക്കുവേണ്ടി 5700ല്‍പ്പരം വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ ചുരുങ്ങിയത് 5000 തൊഴിലന്വേഷകര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരിയര്‍ കൗണ്‍സിലര്‍മാര്‍, നോളെജ് മിഷന്റെ സീനിയര്‍ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ ടീം ജോബ് സ്‌റ്റേഷനില്‍ സജ്ജമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് യോജിച്ച കരിയര്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന കരിയര്‍ അസസ്‌മെന്റ് , പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിട്ടുള്ള എല്ലാ തൊഴിലവസരങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള സഹായം, പട്ടികജാതിപട്ടികവര്‍ഗ വിഭാഗം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ള തൊഴിലന്വേഷകര്‍ക്കുള്ള പ്രത്യേക പദ്ധതികളെപ്പറ്റിയുടെ വിവരങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ജോബ് സ്‌റ്റേഷനില്‍ നിന്നും ലഭ്യമാണ്.
ജില്ലയിലെ ആദ്യജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലയില്‍ മറ്റു മണ്ഡലങ്ങളിലും ജോബ് സ്‌റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.