പത്തനംതിട്ട : വിദ്യാഭ്യാസ മേഖലയുള്‍പ്പെടെ കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ കിഫ്ബിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളം കര്‍മപദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച 97 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ 80,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി സംസ്ഥാനത്ത് നടത്തിയത്.
വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിച്ച 3800 കോടി രൂപയില്‍ 2300 കോടി രൂപ കിഫ്ബി മുഖേനയാണ് ലഭ്യമാക്കിയത്. 1500 കോടി രൂപ പ്ലാന്‍ ഫണ്ട് വഴി ലഭ്യമാക്കി. 2300 സ്‌കൂളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ദേശീയപാത വികസനത്തിനായി സ്ഥലമെടുപ്പിന് 5,500 കോടി രൂപയാണ് കിഫ്ബി വഴി ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. നിശ്ചിത എണ്ണം കുട്ടികള്‍ക്ക് മെന്ററായി ഒരു ടീച്ചര്‍ ഉണ്ടാവണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികള്‍ ലഹരിക്കടിപ്പെടുന്നത് ആ ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല നാടിന്റെ ഭാവിയുടെ പ്രശ്നമാണെന്ന് കാണാന്‍ കഴിയണം. എല്ലാതരം ആളുകളും കയറി വരേണ്ട ഇടമായി സ്‌കൂളുകളെ മാറ്റേണ്ടതില്ല. ലഹരി മാഫിയക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തില്‍ മൂന്ന് ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനവും 12 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വഹിച്ചു. മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസില്‍ പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഇന്ത്യക്ക് തന്നെ മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല. കൃത്യമായ ആസൂത്രണമാണ് ഇതിന് കാരണം. ഭൗതികമായ വികസനത്തിനൊപ്പം അക്കാദമികമായ വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അഭ്യര്‍ഥന മാനിച്ച് മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് അനുവദിച്ചതായി മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
ഡോ. വി.ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിത, മുന്‍ എംഎല്‍എ എം.വി ജയരാജന്‍, കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മുന്‍ എംപി കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കോങ്കി രവീന്ദ്രന്‍, കെ.വി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി റോജ, ഗ്രാമ പഞ്ചായത്തംഗം കെ ലക്ഷ്മി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, എഡിപിഐ സി.എ സന്തോഷ്, ഡോ. സി രാമകൃഷ്ണന്‍, ഡി ഡിഇ വി.എ ശശീന്ദ്രവ്യാസ്, ആര്‍ഡിഡികെ എച്ച് സാജന്‍, എ.ഡി ഉദയകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വി പ്രേമരാജന്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ് എന്നിവര്‍ പങ്കെടുത്തു. പി ടി എ പ്രസിഡന്റ് ടി പ്രജീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ സജീവന്‍, ഹെഡ്മിസ്ട്രസ് കെ ശൈലജ എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് ഉപഹാരം നല്‍കി.