പത്തനംതിട്ട : വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ഇതേ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പിന്നീട് പിടിയിലായി. മൂന്ന് കേസുകളിലായാണ് അറസ്റ്റ്. പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി മോട്ടോർ സൈക്കിളിൽ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്, തിരുവനന്തപുരം പഴയകുന്നുമ്മേൽ അടയമൺ തോളിക്കുഴി ദിയാ വീട്ടിൽ നിന്നും തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടിൽ ജിഫിൻ ജോർജ്ജ് (27)പീഡനക്കേസിൽ അറസ്റ്റിലായത്.
വിവാഹം കഴിക്കാമെന്ന് വാക്കുനൽകിയാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരമാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാൾ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പലതവണ ബലാൽസംഗം ചെയ്തതായി കുട്ടി പോലീസിന് മൊഴി നൽകി. പിന്നീട് 30 ന് രാവിലെ 9.30 ന് ബൈക്കിൽ കയറ്റി കോന്നിയിലെത്തിച്ച് അവിടെ ബൈക്ക് വച്ചശേഷം ബസിൽ തിരുവനന്തപുരത്തെത്തി. പിറ്റേന്ന് ട്രെയിനിൽ മംഗലാപുരത്ത് എത്തി അവിടെ ഒരു ലോഡ്ജ് മുറിയിൽ വച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതാവിന്റെ മൊഴിപ്രകാരമെടുത്ത കേസിന്റെ അന്വേഷണത്തിൽ ഇരുവരെയും പോലീസ് മംഗലാപുരത്തു കണ്ടെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടുപേർ കൂടി അറസ്റ്റിലായി.
തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണിൽ വീട്ടിൽ മെൽവിൻ ടി മൈക്കിൾ (24),കോട്ടയം ഉദയനാപുരം വൈക്കപ്രയാർ കൊച്ചുതറ വീട്ടിൽ നിന്നും മാരാമൺ കണ്ടത്തിൽ വീട്ടിൽ ജിമ്മി തോമസ് (24) എന്നിവരാണ് തുടർന്നെടുത്ത രണ്ട് കേസുകളിലായി അറസ്റ്റിലായത്. ഇരുവരും ജിഫിന്റെ സുഹൃത്തുക്കളാണ്. ഈ വർഷം ഫെബ്രുവരി , മാർച്ച് മാസങ്ങളിലാണ് ഇവർ പെൺകുട്ടിക്ക് നേരേ വീട്ടിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി, പോലീസ് തെളിവുകൾ ശേഖരിച്ചു. കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി, തെളിവുകൾ ശേഖരിച്ചു. രണ്ടും മൂന്നും കേസിലെ പ്രതികളെ അവരുടെ വീടുകൾക്ക് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.
പെൺകുട്ടിയുടെയും ജിഫിന്റെയും ഫോണുകൾ ശാസ്ത്രീയ തെളിവുകൾക്കായി കസ്റ്റഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കണ്ടെടുക്കേണ്ടതുണ്ട്.
കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ ഉണ്ണികൃഷ്ണൻ, ഷൈജു, എസ് സി പി ഓ ജോബിൻ, സി പി ഓമാരായ നെബു, സുജിത് എന്നിവരാണുള്ളത്.