മല്ലപ്പള്ളി :
പാര്‍ലമെന്റിന്റെ തികഞ്ഞ രൂപത്തിലും ഭാവത്തിലും കുട്ടികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാലപാര്‍ലമെന്റ്. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി മാര്‍ ഡയനേഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബാലപാര്‍മെന്റില്‍ കുട്ടികള്‍ സംരക്ഷിക്കപ്പെടുകയും അവരുടെ വികസനാവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യുകയെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച പാര്‍ലമെന്റില്‍ നന്ദി പ്രമേയവും ഭേദഗതി ചര്‍ച്ചയും നടന്നു.
വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യത്തിലുണ്ടാകേണ്ട ഇടപെടലുകള്‍ സംബന്ധിച്ചും ബാലവേല, ബാലവിവാഹം, ബാലപീഢനം, ശിശുമരണനിരക്ക്, ശാസ്ത്രബോധത്തീലൂന്നി സമൂഹം മുന്നോട്ടു പോകേണ്ടതിനെ സംബന്ധിച്ചും ഈ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഗൗരവപൂര്‍വം അവതരിപ്പിച്ചു. തുടര്‍ന്നു നന്ദിപ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിച്ച് പാര്‍ലമെന്റ് പിരിഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി തെരഞ്ഞെടുത്ത 30 കുട്ടികളാണ് പാര്‍ലമെന്ററ് നേതാക്കളായി പരിപാടി നയിച്ചത്. കുട്ടികളുടെ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ കുട്ടിനേതാക്കള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനവും നല്‍കിയിരുന്നു. രാഷ്ട്രപതിയായി എയ്ഞ്ചല്‍ എലിസബത്ത് ബിനോജും സ്പീക്കറായി അലന്‍ സാം വിനുവും പ്രധാനമന്ത്രിയായി അമൃത് മനുവും പ്രതിപക്ഷനേതാവായി വി നീരജയും ബാലപാര്‍ലമെന്റിനെ മികവുറ്റതാക്കി.