പത്തനംതിട്ട : ജില്ലയിൽ ഡെങ്കിപ്പനി ബാധ ഇപ്പോഴും തുടരുന്നതിനാൽ ആഴ്ചയിലൊരിക്കൽ ഉള്ള ഡ്രൈ ഡേ പ്രവർത്തനങ്ങൾ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. വെള്ളിയാഴ്ച സ്ക്കൂളുകളിലും, ശനിയാഴ്ച സർക്കാർ , സ്വകാര്യ ഓഫീസുകളിലും പൊതുസ്ഥലത്തും , ഞായറാഴ്ച വീടുകളിലും എന്ന വിധമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ശ്രദ്ധയോടെയുള്ള നിരീക്ഷണത്തിൽ കൊതുകിന്റെ കൂത്താടികളെ കണ്ടെത്തി നശിപ്പിക്കുക, കൂത്താടി ഉണ്ടാകാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് ഡ്രൈ ഡേ ആചരണത്തിലെ പ്രധാന പ്രവർത്തനങ്ങൾ. ജില്ലയിൽ നിലവിൽ ഡെങ്കിപ്പനി വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളെ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായി കണ്ടെത്തി ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
സീതത്തോട് പഞ്ചായത്തിലെ കൊച്ചുകോയിക്കൽ, തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ, ആനിക്കാട് പഞ്ചായത്തിലെ മാരിക്കൽ , പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ മുണ്ടുകോട്ടയ്ക്കൽ, തൈക്കാവ്, കൊടുമൺ പഞ്ചായത്തിലെ ഐക്കാട്, ചിരണിക്കൽ , എരുത്വാക്കുന്ന്, കടമ്മനിട്ട പഞ്ചായത്തിലെ വലിയ കുളം, കടമ്പനാട് പഞ്ചായത്തിലെ കന്നാട്ടുകുന്ന്, പാണ്ടി മലപ്പുറo എന്നീ സ്ഥലങ്ങളാണ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഡെങ്കിപ്പനി നിയന്ത്രണ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ഉണ്ടാകണമെന്ന് ഡി എം ഒ അഭ്യർഥിച്ചു.