പന്തളം : ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ മറ്റ് കുടുംബങ്ങളെയും സുരക്ഷിതമായി മാറ്റുന്നതിനും കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനും അടൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പന്തളത്തെ താഴ്ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യം വന്നാല്‍ കടയ്ക്കാടും ക്യാമ്പ് ആരംഭിക്കും. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നും അതീവജാഗ്രത തുടരണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ഐരാണിക്കുഴി, പുതുമന, ചേരിക്കല്‍, മുടിയൂര്‍ക്കോണം, നെല്ലിക്കല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തില്‍ ഉള്ള സംഘം സന്ദര്‍ശിച്ചു. മുടിയൂര്‍കോണത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് പത്തു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മുടിയൂര്‍ക്കോണം എംറ്റിഎല്‍പിഎസ് സ്‌കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. പുതുമനയില്‍ നാലു വീടുകളില്‍ വെള്ളം കയറി. അതില്‍ ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.
പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, നഗരസഭ കൗണ്‍സിലര്‍മാരായ സൗമ്യ സന്തോഷ്, റ്റി.കെ. സതി, മുന്‍ കൗണ്‍സിലര്‍ രാധാ രാമചന്ദ്രന്‍, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. സജീവ്, കുരമ്പാല വില്ലേജ് ഓഫീസര്‍ രേണു രാമന്‍, പന്തളം വില്ലേജ് ഓഫീസര്‍ ആനന്ദകുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ അനീഷ് കുമാര്‍, മഹേഷ് സോമന്‍ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.