പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 20(ബുധന്‍) മുതല്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ താലൂക്കുകളും പ്രളയബാധിതവുമാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കക്കി, പമ്പാ എന്നിവ ജല ക്രമീകരണത്തിന്റെ ഭാഗമായി തുറന്നുവിട്ടിട്ടുള്ള പശ്ചാത്തലത്തിലും, നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ താമസിക്കുന്നവരും മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടിട്ടും ഇത്തരത്തില്‍ മാറാത്തവരെ റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ നിര്‍ബന്ധപൂര്‍വ്വം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.