റാന്നി: വന്യമൃഗ ആക്രമണങ്ങളിൽ നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വന്യമൃഗ ശല്യത്തിൽനിന്നു ജനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി റാന്നി ഇട്ടിയപ്പായിൽ നടത്തിയ ഏകദിന ജനകീയ സത്യഗ്രഹ സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനേക്കാൾ പ്രാധാന്യം മൃഗങ്ങൾക്ക് നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. വന്യജീവി ആക്രമണം പതിവായിട്ടും അതിനെ പ്രതിരോധിച്ച് ജനജീവിതം സംരക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ല. പ്രതിഷേധിക്കുന്നവരെ അപഹസിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങൾക്കും താത്പര്യമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കാർഷിക മേഖല തകർന്നു, മലയോര നിവാസികളുടെ ജീവിതം പ്രതിസന്ധിയിലായി. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യേണ്ട സമയം അതിക്രമിച്ചു. ഇനിയെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കൺവീനർ എ. ഷംസുദീൻ, നേതാക്കളായ ജോർജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി ഏബ്രഹാം മാത്യു, കെ. ജയവർമ, ടി.കെ. സാജു, അഹമദ് ഷാ, സനോജ് മേമന, സമദ് മേപ്രത്ത്, സതീഷ് പണിക്കർ, ടി.കെ. ജെയിംസ്, അനിതാ അനിൽകുമാർ, ജെസി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്റോ ആന്റണി എംപി നടത്തിയ ജനകീയ സത്യഗ്രഹത്തിനു പിന്തുണയുമായി മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സമാപനയോഗത്തിലെത്തി. വന്യമൃഗ ശല്യത്തിൽനിന്നു മനുഷ്യന് സുരക്ഷ ഉറപ്പാക്കാനുള്ള നിയമ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യജീവിനു വില കല്പിക്കാൻ ഭരണകർത്താക്കൾ തയാറാകണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്കും കൃഷി നശിച്ചവർക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം വൈകരുതെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
രാവിലെ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത സമരം ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ക്നാനായ സഭ റാന്നി മേഖല അധ്യക്ഷൻ കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, ഇമാം ടി.എ. മുഹമ്മദ്കുട്ടി മൗലവി, സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, ഫാ. സ്കോട്ട് സ്ലീബ പുളിമൂടൻ തുടങ്ങിയവർ സമരപന്തലിൽ പിന്തുണ അർപ്പിച്ചു.