പത്തനംതിട്ട : ഒക്ടോബര്‍ ഒന്ന് രണ്ട് തീയതികളില്‍ ജില്ലയില്‍ തീവ്രശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് , നഗരസഭ അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും ജില്ലാതല അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും.
ഒക്ടോബര്‍ 30 ന് സ്‌കൂളുകളില്‍ ഹരിത അസംബ്ലിയും ശുചിത്വപ്രതിജ്ഞയും സംഘടിപ്പിക്കും. നവംബര്‍ 14 ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഹരിതഗ്രാമസഭ സംഘടിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം പ്രധാന അധ്യാപകര്‍ ഉറപ്പാക്കണം. പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നിരീക്ഷണവും കടുത്ത നടപടിയും ഏര്‍പ്പെടുത്തും. ഒക്ടോബറോടെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഹരിതമിത്ര ആപ്പ് പൂര്‍ണരീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കണം. ശുചിത്വപ്രോജക്ടുകളുടെ നിര്‍വഹണം കാര്യക്ഷമമാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംസ്ഥാനങ്ങളുടെ ഫണ്ട് കൂടുതലായി ഉപയോഗപ്പെടുത്തി ആവശ്യമെങ്കില്‍ വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിക്കണം.
ബ്ലോക്ക്തലത്തിലുള്ള നിരീക്ഷണസമിതികള്‍ രൂപീകരിച്ച് തദ്ദേശസ്ഥാപനതലത്തിലുള്ള ശുചിത്വപ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും എംസിഎഫുകളുടെ നവീകരണപ്രോജക്ടുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ബൈജു. ടി. പോള്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.