തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ വിളവെടുപ്പ് കഴിഞ്ഞ് രണ്ടുമാസമായിട്ടും സംഭരണ വില ലഭിക്കാത്തതില്‍ പ്രതിഷേധവുമായി നെല്‍ കര്‍ഷകര്‍. വിവിധ കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് ബുധനാഴ്ച റവന്യു ഡിവിഷണല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിച്ച തുകകള്‍ ചേര്‍ത്ത് കിലോയ്ക്ക് 29.92 രൂപ സംഭരണ വിലനല്കുക, നെല്ല് സംഭരണം ആരംഭിച്ച കാലത്തെ കൈകാര്യ ചെലവായ 12 രൂപയെന്നത് കാലോചിതമായി 300 രൂപയാക്കുക, പുറം ബണ്ടുകള്‍ സംരക്ഷിക്കുന്നതിന് അടിയന്തിര നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉയര്‍ത്തി.
അപ്പര്‍ കുട്ടനാട് നെല്‍കര്‍ഷക സമിതി, നെല്‍കര്‍ഷക സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം. നെല്‍ കര്‍ഷക സമിതി പ്രസിഡന്റ് സാം ഈപ്പന് ഉദ്ഘാടനം ചെയ്തു. ബഞ്ചമിന് തോമസ് അധ്യക്ഷത വഹിച്ചു. ജനുമാത്യു, കുഞ്ഞുകോശി പോള്‍, ആര്. ജയകുമാര്‍, അരുണ്‍ പ്രകാശ്, പി.ആര്. സതീശ്, വിനോദ് കോവൂര്‍, ഈപ്പന് കുര്യന്, ജി. വേണുഗോപാല്‍, ജേക്കബ് ചെറിയാന്, സണ്ണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.